Latest Videos

പടയപ്പയെ പ്രകോപിപ്പിച്ച സംഭവം; ജീപ്പ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

By Web TeamFirst Published Jan 18, 2023, 2:29 PM IST
Highlights

ജീപ്പ് ഉടമ കൂടിയായ ഡ്രൈവർ ദാസ് തമിഴ്നാട്ടിലേക്ക് കടന്നുവെന്നും ഉടന്‍ പിടികൂടി അറസ്റ്റ് ചെയ്യുമെന്നും മൂന്നാർ ഡിഎഫ്ഒ അറിയിച്ചു.

മൂന്നാർ:  മൂന്നാറിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ചവർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലേക്ക് കടന്ന കടലാര്‍ സ്വദേശി ദാസിനെ പിടികൂടാൻ വനംവകുപ്പ് ശ്രമം തുടങ്ങി.  പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സംഘം മൂന്നാറിൽ പ്രവര്‍ക്കുന്നുവെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം.

മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. കാട്ടാനയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. രണ്ട് മാസം മുമ്പ് വരെ ആന കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആളുകൾ പെരുമാറിയ കഴിഞ്ഞ നവംബർ ഏഴ് മുതല്‍ കാര്യം മാറി. പടയപ്പ  അക്രമകാരിയായി. അന്ന് തന്നെ വനത്തിലേക്ക് തുരത്തിയശേഷം വനംവകുപ്പ്  വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ആനയെ പ്രകോപിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതും നൽകിയിരുന്നു. 

Read More : ബൈക്ക് റൈസ് ചെയ്തും ഹോണടിച്ചും നാട്ടുകാർ, പ്രകോപിതനായി 'പടയപ്പ'; മുന്നറിയിപ്പ് നൽകി വനംവകുപ്പ്

എന്നാൽ കഴിഞ്ഞ ദിവസം കടലാറിലും കുറ്റിയാര്‍ വാലിയിലും പടയപ്പയിറങ്ങിയപ്പോൾ ബൈക്കും ജീപ്പും ഇരമ്പിച്ചും ഹോൺ മുഴക്കിയും ആനയെ പ്രകോപിപ്പിച്ചിരുന്നു. പ്രകോപിപ്പിച്ചാൽ ആന കൂടുതല്‍ അക്രമകാരിയാകുമെന്ന് വനപാലകര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോർട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നുണ്ടെന്ന്  വനംവകുപ്പ് പറയുന്നു. ഇത് ഇനി ആവർത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങള്‍ക്ക് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന്‍റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ചു. 

കഴിഞ്ഞ ദിവസം പ്രകോപിപ്പിച്ച ടാക്സി കസ്റ്റഡിയിലെടുക്കാന്‍ മൂന്നാര്‍ ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കി.  കാട്ടാനയെ പ്രകോപിപ്പിച്ചവർക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. മുന്നാറിലും മാട്ടുപെട്ടിയിലും ബോധവല്‍കരണം നടത്തും. ഹോട്ടല്‍ അസോസിയേഷന്റെയും ടാക്സി അസോസിയേഷന്‍റെയും സംയുക്ത യോഗം വിളിക്കും   വെറുതെ പോയി ആനയെ പ്രകോപിപ്പിക്കരുതെന്ന് അറിയിക്കും. പ്രകോപിപ്പിച്ചാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തുകാര്യം  പറഞ്ഞ് ബോധവല്‍കരിക്കും.  പടയപ്പ പോകുന്ന സ്ഥലങ്ങളില്‍ രാത്രിയിലും വനംവാച്ചര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  അതേസമയം വനപാലകരെ അറിയിച്ചിട്ടും വരാതിരുന്നപ്പോള്‍ ആനയെ ഓടിക്കാനാണ് ഹോൺ മുഴക്കിയതും വാഹനം റൈസ് ചെയ്തതെന്നും നാട്ടുകാർ പറഞ്ഞു. 

click me!