
കൊച്ചി: മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. ബൈക്കോടിച്ച ഏനാനല്ലൂർ കുഴുമ്പിത്താഴം സ്വദേശി ആൻസൺ റോയ് (23) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജൂലായ് 26-ന് വൈകിട്ട് നാലരയോടെയാണ് മൂവാറ്റുപുഴ നിർമ്മല കോളജിലെ അവസാന വർഷ ബി.കോം വിദ്യാര്‍ത്ഥിനി വാളകം കുന്നക്കൽ വടക്കേ പുഷ്പകം വീട്ടിൽ നമിത, ആൻസൺ അമിത വേഗത്തിൽ ഓടിച്ച ബൈക്കിടിച്ച് മരിച്ചത്. സംഭവത്തില്‍ ബൈക്കോടിച്ച ആന്‍സണ്‍ റോയിക്കെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ആന്‍സണെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയായ ആന്‍സണിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചത്. മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ വിവിധ കേസുകളിലും പ്രതിയാണ് ഇയാൾ. ബൈക്കോടിച്ച ആൺസണ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അപകടം നടന്നശേഷം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആൻസൺ ആശുപത്രി വിട്ടശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഇറങ്ങിയ നമിതയെയും കൂട്ടുകാരി അനുശ്രീയേയും കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുന്നതിനിടെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ അനുശ്രീക്കും പരിക്കേറ്റിരുന്നു. ഇരുപതാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങവെയാണ് മകളുടെ മരണവാർത്ത നമിതയുടെ വീട്ടുകാരെ തേടിയെത്തിയത്. മകളുടെ ജീവനെടുത്ത കേസിൽ പ്രതി ആൻസൺ റോയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് നമിതയുടെ മാതാപിതാക്കൾ ഗിരിജയും രഘുവും ആവശ്യപ്പെടുന്നത്. നിരവധി കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തിയതോടെ കാപ്പ ചുമത്താൻ ഉള്ള നടപടികള്‍ നേരത്തെ തന്നെ പൊലീസ് ആരംഭിച്ചിരുന്നു.
Readmore..വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ റിമാൻഡ് ചെയ്തു
Readmore..മൂവാറ്റുപുഴയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർത്ഥിനി മരിച്ചു