
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് സർക്കാർ തിരുത്തും. പ്രതിക്ക് അനുകൂലമായ പരാമർശങ്ങൾ ഉത്തരവിലുള്ളത് പ്രതി തന്നെ പരസ്യമാക്കിയതിന് പിന്നാലെയാണ് നടപടി. ഹൈക്കോടതിയുടെ സമ്മർദ്ദം മൂലമാണ് പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്നും കേസിനെക്കുറിച്ച് ചിന്തിക്കാൻ സമയം കിട്ടിയില്ലെന്നുമാണ് ഉത്തരവിലുള്ളത്. അസാധാരണ വിശദീകരണമുള്ള ഉത്തരവ് കോടതിയിൽ എത്തിയാൽ തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണ് അഡ്വക്കറ്റ് ജനറൽ ഉത്തരവ് ഹാജരാക്കാതിരുന്നത്.
ആറ് വർഷം ഇടത് സർക്കാർ പലകാരണങ്ങൾ പറഞ്ഞ് തടഞ്ഞ് വെച്ച പ്രോസിക്യൂഷൻ അനുമതിയാണ് ഇന്നലെ യുഡിഎഫ് സർക്കാർ നൽകിയത്. എന്നാൽ സർക്കാർ ഇറക്കിയ ഉത്തരവിലെ പരമാർശങ്ങൾ അസാധാരണമാണ്. കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനാണ് പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്നും കേസിനെക്കുറിച്ച് മനസ്സിരുത്തി പഠിക്കാൻ സാവകാശം കിട്ടിയില്ലെന്നുമാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ബിജു ഇറക്കിയ ഉത്തരവിലുള്ളത്. തെളിവ് വിലയിരുത്തുന്നതിൽ ഹൈക്കോടതി വിചാരണ കോടതിയെ പോലെ പെരുമാറിയപ്പോൾ സമ്മർദ്ദം കാരണ പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ നിർബന്ധിതരായെന്നും ഉത്തരവിൽ കുറ്റപ്പെടുത്തുന്നു. പ്രതികൾക്ക് ഭാവിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള അവകാശത്തോടെയാണ് ഉത്തരവ് അവസാനിപ്പിക്കുന്നത്. ഹൈക്കോടതിയിൽ നൽകേണ്ട സർക്കാർ ഉത്തരവിലെ ഈ അസാധാരണത്വം തിരിച്ചറിഞ്ഞും കടുത്ത നടപടി ഒഴിവാക്കാനുമാണ് അഡ്വക്കറ്റ് ജനറൽ ജെയ്ജു ബാബു ഉത്തരവ് ഹാജരാക്കാൻ കൂടുതൽ സാവകാശം തേടിയത്.
പ്രതികൾക്ക് അനുകൂലമായ പരാമർശമുള്ള ഉത്തരവ് ആർ ചന്ദ്രശേഖരൻ തന്നെ പരസ്യമായി വായിച്ചതത് സർക്കാറിന് തിരിച്ചടിയായി. നിയമ വൃത്തങ്ങളിലും ഉത്തരവ് അമ്പരപ്പുണ്ടാക്കി. ഈ സാഹചര്യത്തിൽ ഉത്തരവ് തിരുത്താൻ എജി ആവശ്യപ്പെട്ടിട്ടുണ്ട്. എജി അറിയാതെ ആരാണ് ഈ ഉത്തരവ് തയ്യാറാക്കിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. അഡ്വക്കറ്റ് ജനറൽ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് സർക്കാർ ഉത്തരവ് പ്രതി വായിച്ചത് പരാതിക്കാരും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam