
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സർക്കാർ. വ്യവസായ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് മറുപടി നൽകിയത്. കോൺഗ്രസ് നേതാവ് ആർ ചന്ദ്രശേഖരനെയും എംഡിയായിരുന്ന കെ എ രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന് സർക്കാർ ആവർത്തിച്ചു. മുൻ സർക്കാർ ഉത്തരവുകൾ യുക്തി സഹമായി നടപ്പാക്കുക മാത്രമാണ് ഇരുവരും ചെയ്തത്, അതിനാലാണ് സിബിഐ ആവശ്യപ്പെട്ട പ്രോസിക്യുഷൻ അനുമതി നൽകാത്തതെന്നും സർക്കാർ വ്യക്തമാക്കി. 2006 മുതൽ 2015 കാലഘട്ടത്തിൽ കശുവണ്ടി വാങ്ങിയത് സ്റ്റോർ പർച്ചേസ് മാനുവൽ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ലെന്നും തോട്ടണ്ടി ഒരു സീസണൽ വിളയായതിനാൽ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാൻ സർക്കാർ തന്നെയാണ് അനുമതി നൽകിയത്, സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനുളള അവകാശം ഡയറക്ടർ ബോർഡിന് സർക്കാർ 1996 ൽ തന്നെ നൽകിയിട്ടുണ്ട്. പ്രതികൾ ആവശ്യപ്പെട്ടിട്ടാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന വാദം നിലനിൽക്കില്ല 96 ലെ ഉത്തരവ് 2005 ൽ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സർക്കാരിന്‍റെ ഭാഗം.
ലാഭത്തേക്കാൾ ഉപരി പരമ്പരാഗത കശുവണ്ടിതൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. ഇറക്കുമതി വഴി തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാനാണ് ബോർഡ് ശ്രമിച്ചത്. 2005 മുതൽ 2015 വരെ 222 മുതൽ 288 വരെ പ്രതിവർഷം തൊഴിൽ ദിനങ്ങൾ നൽകാൻ കഴിഞ്ഞു. ഇതിനായി സർക്കാർ ഫണ്ട് ഉപയോഗിച്ചു, ഇത് കൃത്യ വിലോപമോ വഞ്ചനയോ അല്ല. തോട്ടണ്ടി ഇറക്കുമതി ചെയ്യാനുളള തീരുമാനം വ്യവസായ ധനകാര്യ വകുപ്പുകളും ട്രേഡ് യൂണിയുകളും ഐകകണ്ഠേന എടുത്തതാണ്. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ബോർഡ് എടുത്ത തീരുമാനങ്ങളിൽ അഴിമതി കണ്ടെത്താനാകില്ല. സർക്കാർ നയം നടപ്പാക്കുക മാത്രമാണ് പ്രതികളായ ആർ ചന്ദ്രശേഖരനും പി എ രതീഷും ചെയ്തത്. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ സിബിഐയുടെ പക്കലില്ല. ഔദ്യോഗിക ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവില്ല. ഫണ്ട് വകമാറ്റിയതിനോ സാമ്പിൾ നടപടി ക്രമങ്ങളിലോ ക്രമക്കേട് നടന്നതായി തെളിവില്ല. മതിയായ തെളിവുകളില്ലാതെ ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചിട്ടില്ലെന്നും കോടതിയലക്ഷ്യമില്ലെന്നും സർക്കാരിന്‍റെ സത്യവാങ്മൂലം. കോടതിലക്ഷ്യക്കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam