സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പിനെക്കുറിച്ച് പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. കപ്പിലെ സ്വർണം ചെമ്പാക്കിയോ എന്ന് വിജയികൾ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകപ്പ് അടിക്കുന്നവർ, കപ്പ് സ്വർണമാണെന്ന് ഉറപ്പു വരുത്തണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. കപ്പിലെ സ്വർണം ചെമ്പാക്കിയോ എന്ന് പരിശോധിക്കണം. കപ്പ് കൊണ്ടു പോകും മുൻപ് നന്നായി പരിശോധിച്ചാൽ നല്ലത് എന്നാണ് അബ്ദുറബ്ബിന്‍റെ പരിഹാസം. 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന് സമാനമായ വരികൾ ചേർത്താണ് അബ്ദുറബ്ബിന്‍റെ കുറിപ്പ്.
"സ്വർണ്ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധക്ക്,
സ്വർണ്ണം ചെമ്പാക്കിയോ,
സ്വർണ്ണപ്പാളികൾ മാറ്റിയോ
കപ്പ് കൊണ്ടു പോകും മുമ്പ് നന്നായി പരിശോധിച്ചാൽ നിങ്ങൾക്ക് നല്ലത്
സ്വർണ്ണം കട്ടവരാണപ്പാ
കപ്പിലെ സ്വർണ്ണം നോക്കപ്പാ!"- എന്നാണ് പി കെ അബ്ദുറബ്ബിന്‍റെ കുറിപ്പ്.
അതിനിടെ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യു ഡി എഫ് നിയമിച്ച ബോർഡും കുരുക്കിലാണ്. പ്രയാർ ഗോപാലകൃഷ്ണൻെറ ബോർഡാണ് വാജി വാഹനം തന്ത്രിക്ക് നൽകിയത്. വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്.2012ലാണ് ബോർഡ് കമ്മീഷണർ ഈ ഉത്തരവിറക്കിയത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോർഡ് തീരുമാനം. ഇതുമറികടന്നാണ് തന്ത്രിക്ക് വാജി വാഹനം കൈമാറിയത്.


