എആർ ക്യാമ്പിലും ജാതി? പൊലീസുകാരന്‍റെ മരണത്തിൽ ഗുരുതര ആരോപണവുമായി ഭാര്യ

By Web TeamFirst Published Jul 27, 2019, 2:38 PM IST
Highlights

ആദിവാസിയായതിനാൽ പൊലീസ് ക്യാമ്പിൽ ജാതി വിവേചനം അനുഭവിച്ചിരുന്നു  എന്നാണ് മരിച്ച പൊലീസുകാരന്‍റെ ഭാര്യ പറയുന്നത്. പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന കുമാറിനെ രണ്ട് ദിവസം മുന്പാണ് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലക്കാട്: പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണത്തിൽ ആരോപണവുമായി ഭാര്യയും ബന്ധുക്കളും. ആദിവാസിയായതിനാൽ പൊലീസ് ക്യാമ്പിൽ ജാതി വിവേചനം അനുഭവിച്ചിരുന്നു എന്നാണ് മരിച്ച കുമാറിന്‍റെ ഭാര്യ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ മാനസികമായി ഉപദ്രവിക്കുകയും അധിക ജോലി ചെയ്യിക്കുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. ക്വാര്‍ട്ടേഴ്‍സികത്തും പീഡനത്തിന് വിധേയനായിരുന്നു എന്ന് കുമാര്‍ പറഞ്ഞിരുന്നു എന്നാണ് ഭാര്യയും ബന്ധുക്കളും പറയുന്നത്. 

ജാതിയിൽ കുറച്ച് കാണിക്കുകയും ആദിവാസിയായതിനാൽ ബുദ്ധിയില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തെന്നാണ് ആരോപണം. മാസങ്ങളായി മാനസിക ശാരീരിക പീഡനത്തിന് ഇരയായിരുന്നു. ജോലി സ്ഥലത്ത് ഉണ്ടായ മാനസിക പീഡനം കാരണമാണ് ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ട് ദിവസം മുമ്പാണ് പാലക്കാട് ലക്കിടിക്ക് സമീപം ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കുമാറിനെ കണ്ടെത്തുന്നത്. 

തൊഴിൽപരമായ പ്രശ്നങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. മാനസികമായ ബുദ്ധിമുട്ടുകൾ കുമാറിന് ഉണ്ടായിരുന്നു എന്നും ഏതാനും ദിവസങ്ങളായി കുമാര്‍ അവധിയിലായിരുന്നു എന്നും പൊലീസ് പറയുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നിരിക്കെ അട്ടപ്പാടി കേന്ദ്രീകരിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രിയെ കണ്ട് പൊലീസുകാരന്‍റെ മരണത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെടാനൊരുങ്ങുകയാണ് കുടുംബം. 

"

click me!