ലൈഫ് മിഷനില്‍ അന്വേഷണം തുടരാന്‍ സിബിഐ; സരിത്തിന് നോട്ടീസ്, ശിവശങ്കര്‍, സ്വപ്ന എന്നിവരെയും ചോദ്യംചെയ്യും

By Web TeamFirst Published May 25, 2022, 9:33 AM IST
Highlights

സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തുവെങ്കിലും അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ  (Life Mission) അഴിമതിക്കേസിൽ അന്വേഷണം  തുടരാൻ സിബിഐ. വടക്കാഞ്ചേരിയിൽ റെഡ് ക്രസന്‍റിന്‍റെ സഹാത്തോടെയുള്ള ഫ്ലാറ്റ് നിർമ്മാണത്തിനായി ഉദ്യോഗസ്ഥരും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളും നാലരക്കോടി കമ്മീഷൻ കൈപ്പറ്റിയെന്നാണ് കേസ്. കരാർ കമ്പനിയായ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ പണം നൽകിയതായി മൊഴിയും നൽകിയിരുന്നു. സ്വ‍ർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ നിർദ്ദേശ പ്രകാരം കോണ്‍സുലേറ്റ് ഉദ്യോസ്ഥനായ ഖാലിദിന് പണം നൽകിയെന്നാണ് മൊഴി. കരാ‍ർ ലഭിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കണ്ടതായും സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. 

സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായർക്കും ഇടനില നിന്നതിന് പണം നൽകിയിരുന്നു. ഈ കേസിൽ സന്തഷ് ഈപ്പനെ സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ സിബിഐ ചോദ്യം ചെയ്തു. എന്നാൽ സർക്കാരിന്‍റെ അഭിമാന പദ്ധതിയായ ലൈഫിന് നേരെയുള്ള സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ വരെ സമീപിച്ചു. എന്നാൽ അന്വേഷണം തുടരാൻ സിബിഐക്ക് കോടതി അനുമതി നൽകി. ഇതോടെയാണ് മരവിപ്പിച്ചിരുന്ന അന്വേഷണം സിബിഐ വീണ്ടും തുടങ്ങിയത്. സരിത്ത്, എം ശിവശങ്കർ, സ്വപ്നാ സുരേഷ്, സന്ദീപ് നായർ എന്നിവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമ്മാണ കരാറിലെ അഴിമതി എന്നിവയാണ് സിബിഐ കൊച്ചി യൂണിറ്റ് അന്വേഷിക്കുന്നത്.
 

click me!