
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ ഏനാത്ത് പൊലീസിന്‍റെ വീഴ്ച ആരോപിച്ച് സിസിടിവി ദൃശ്യം പുറത്ത്. പത്തനംതിട്ട കടമ്പനാട് സ്വദേശിയായ യുവതിയുടെ ആത്മഹത്യയിലെ അന്വേഷണത്തിൽ ഏനാത്ത് പൊലീസ് വീഴ്ച്ച വരുത്തിയെന്ന് ആരോപണം. യുവതിക്ക് ഭർത്താവിൽ നിന്ന് മര്‍ദ്ദനമേറ്റ വിവരം പൊലീസ് അറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്നതാണ് വീഡിയോ. യുവതിയ്ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് സി.ഐ എസ്ഐയോട് പറയുന്ന സ്‌റ്റേഷനിലെ സിസിടിവി ദൃശ്യമാണ് പുറത്തു വന്നത്. സംഭവം നടന്ന 2026 ഫെബ്രുവരി 14ന് രാവിലെ 10.10നാണ് മരിച്ച യുവതിക്ക് മര്‍ദ്ദനമേറ്റതിനെ കുറിച്ച് സിഐ സംസാരിക്കുന്നത്.
ഭർത്താവ് അനിൽകുമാർ യുവതിയുടെ ഫോൺ എടുത്തുകൊണ്ടുപോയെന്ന് സിഐ പറയുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന പാടുകൾ മരണത്തിന് മണിക്കൂറുകൾ മുമ്പ് ഉണ്ടായതെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ പരിക്കെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഭർത്താവിന് എതിരെ പരാതി ഉണ്ടായിട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭർത്താവ് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മരണത്തിൽ എട്ടു മാസം മുൻപ് സുഹൈലിനെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പത്തനംതിട്ട കടമ്പനാട് സ്വകാര്യ സ്കൂളിലെ റിസപ്ഷനിസ്റ്റും ജീവനക്കാരിയുമായ യുവതിയെ ഫെബ്രുവരി 14ന് പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ സ്കൂളിൽ സുഹൈലിന്‍റെ സഹപ്രവർത്തകയായിരുന്നു മരിച്ച 35കാരി. യുവതി എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലും ഡയറിക്കുറിപ്പിലും സുഹൈൽ അൻസാരിയിൽ നിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam