Asianet News MalayalamAsianet News Malayalam

Helicopter Crash: ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വാഹനവ്യൂഹം രണ്ട് തവണ അപകടത്തിൽപ്പെട്ടു

ആദ്യത്തെ അപകടത്തിൽ പൊലീസുകാർ സഞ്ചരിച്ച വാഹനം ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലിൽ ഇടിക്കുകയായിരുന്നു

motorcade which carried the dead bodies of helicopter crash victims met accident twice
Author
Coonoor, First Published Dec 9, 2021, 3:57 PM IST

കുനൂ‍ർ: ഹെലികോപ്ട‍ർ അപകടത്തിൽ (Helicopter crash) മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (General Bipin Rawat) അടക്കം 13 പേരുടെ മൃതദേഹങ്ങളും വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം (motorcade) രണ്ടു തവണ അപകടത്തിൽപ്പെട്ടു. തമിഴ്നാട് പൊലീസിൻ്റേയും (Tamilnadu Police) കരസേനയുടേയും ( Army) അകമ്പടിയോടെ കൂനൂരിൽ നിന്നും സുലൂരുവിലേക്ക് പുറപ്പെട്ട വാഹനവ്യൂഹത്തിലെ ഒരു ആംബുലൻസ് പൊലീസുകാ‍ർ സഞ്ചരിച്ച വാനുമാണ് അപകടത്തിൽപ്പെട്ടത്. 

ആദ്യത്തെ അപകടത്തിൽ പൊലീസുകാർ സഞ്ചരിച്ച വാഹനം ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തിൽ പത്ത് പൊലീസുകാർക്ക് പരിക്കേറ്റെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു ശേഷം വാഹനവ്യൂഹം യാത്ര തുടർന്നെങ്കിലും മേട്ടുപാളയത്ത് വച്ച് ഒരു മൃതദേഹവുമായി പോയ ആംബുലൻസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇതേ തുടർന്ന് മൃതദേഹം അടങ്ങിയ പേടകം മറ്റൊരു ആംബുലൻസിലേക്ക് അതിവേഗം മാറ്റിയ ശേഷം വാഹനവ്യൂഹം യാത്ര തുടരുകയായിരുന്നു. 

സുലൂരുവിലെ വ്യോമസേനാ താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചു. നൂറുകണക്കിനാളുകളാണ് സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിന് ഇരുവശത്തും ഒത്തുകൂടിയത്. പൂക്കൾ വിതറിയും വന്ദേമാതരം വിളിച്ചും സൈനികർക്ക് സല്യൂട്ട് നൽകിയും ജനം അവരെ യാത്രയാക്കി. വ്യോമസേനാ താവളത്തിലെ ഔദ്യോഗിക വിടവാങ്ങൽ ചടങ്ങിന് നാലരയോടെ പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ ദില്ലിക്ക് കൊണ്ടു പോകും. 

ദില്ലിയിലെ പാലം വ്യോമസേന വിമാനത്താവളത്തിൽ രാത്രി എട്ട് മണിയോടെ എത്തിക്കുന്ന മൃതദേഹങ്ങൾ ടെക്നിക്കൽ ഏരിയയിലേക്ക് മാറ്റും ഇവിടെ വച്ച്  പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 ഉദ്യോഗസ്ഥരുടെയും ഭൗതികാവശിഷ്ടങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കും. 

ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരിൽ നിന്ന് ഡൽഹിയിലേക്ക് കൊണ്ടുവരുന്നത്. വ്യോമസേനാ മേധാവി ഇതിനോടകം സുളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നും കണ്ടെത്തിയ 13 മൃതദേഹങ്ങളിൽ ജനറൽ റാവത്ത്, അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയ‍ർ എൽഎസ് ലിഡർ,  എന്നിവരുടേതുൾപ്പെടെ നാല് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്: മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകാൻ സാധിക്കൂവെന്ന് സൈന്യം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios