Asianet News MalayalamAsianet News Malayalam

Bipin Rawat Death : 'പുറത്തെടുത്തപ്പോള്‍ സംസാരിച്ചു', ബിപിന്‍ റാവത്ത് പേര് പറഞ്ഞെന്ന് രക്ഷാപ്രവര്‍ത്തകന്‍

ബിപിന്‍ റാവത്ത് അടക്കം 14 പേര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ തകര്‍ന്നത്. 14 പേരിൽ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ്. 

N C Murali said General Bipin Rawat was alive when he was pulled out of the crashed helicopter
Author
Coonoor, First Published Dec 9, 2021, 7:49 AM IST

ചെന്നൈ: കൂനൂരില്‍ അപകടത്തിൽപ്പെട്ട വ്യോമസേനയുടെ ഹെലികോപ്ടറിൽ (Coonoor helicopter crash) നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്തിന്  (CDS Bipin Rawat) ജീവനുണ്ടായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ സി മുരളി (N C Murali). ബിപിൻ റാവത്ത് തന്‍റെ പേര് പറഞ്ഞതായും ഹിന്ദിയിൽ ചില കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തോട് പറഞ്ഞു. ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾക്ക് പ്രദേശത്ത് എത്താൻ താമസമുണ്ടായി. ഇത് രക്ഷാപ്രവർത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളൊക്കെ ഉപയോഗിച്ച് ആദ്യം തീയണയ്ക്കാൻ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ബിപിൻ റാവത്ത് അടക്കം 14 പേർ സഞ്ചരിച്ച ഹെലികോപ്ടർ ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ തകർന്നത്. 14 പേരിൽ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ്. ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു വ്യോമസേനയുടെ എം.17 ഹെലികോപ്ടര്‍ അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടര്‍ ദുരന്തത്തിൽ മരിച്ചവരുടെ പൊതുദർശനം വെല്ലിങ്ടൺ സൈനിക കോളേജിൽ പത്ത് മണിയോടെ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനടക്കം പ്രമുഖർ ആദരാഞ്ജലി അർപ്പിക്കും. സംസ്കാരം നാളെ ദില്ലിയിൽ നടക്കും.

ഇന്ത്യൻ സേനക്ക് പുതിയ മുഖം നൽകാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനിടയിലാണ് ജനറൽ ബിപിൻ റാവത്തിൻറെ മരണം. കോളനികാല ആചാരങ്ങൾ മാറ്റിയെഴുതി തദ്ദേശീയമായി സേനയെ വാർത്തെടുക്കാനുള്ള പദ്ധതിക്ക് ജനറൽ ബിപിൻ റാവത്ത് തുടക്കമിട്ടിരുന്നു. സൈന്യത്തിൽ അടിമുടി മാറ്റം, ആയുധ സംഭരണത്തിന് പുതിയ പദ്ധതികൾ, ദുരന്ത നിവാരണത്തിനായി സൈന്യത്തിൻറെ ഏകോപനം, അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തൽ, തന്ത്രപ്രധാന സൈനിക നീക്കങ്ങളിലെ ഏകോപനം, ഒപ്പം സാധാരണ പട്ടാളക്കാർക്കിടയിൽ വിശ്വാസവും ആത്മധൈര്യവും വളർത്തിയെടുക്കാനും പുതുതലമുറയെ സൈന്യത്തിലേക്ക് അടുപ്പിക്കാനും നടപടികൾ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ സംയുക്ത സേനാ മേധാവി ഏറ്റെടുത്തിരുന്നു.

ഇത്തരം പ്രവർത്തനങ്ങളിൽ ജനറൽ ബിപിൻ റാവത്തിനെ പോലെ ആവേശത്തോടെ മുന്നോട്ട് പോകുന്ന പട്ടാള ഉദ്യോഗസ്ഥൻറെ സാന്നിധ്യം കേന്ദ്ര സർക്കാരിന് നേട്ടമായിരുന്നു. സൈന്യത്തിൻറെ സംയുക്ത പരിശീലനത്തിനും റാവത്ത് പ്രത്യേക ശ്രദ്ധ നൽകി. ചരിത്രത്തിൽ ആദ്യമായി നാവിക സേന കൂടി പങ്കെടുത്ത സൈനിക അഭ്യാസം ജമ്മുകശ്മീരിലെ കുപ്പുവാരയിൽ നടത്തിയത് അടുത്ത കാലത്ത് ജനറൽ റാവത്തിൻറെ പദ്ധതി പ്രകാരമായിരുന്നു. പാക്ക്-ചൈന അതിർത്തിയിലെ പുതിയ വെല്ലുവിളികളെ നേരിടാനുള്ള നൂതന പരിശീലന രീതികളിലേക്കും സൈന്യം നീങ്ങിയിരുന്നു. തൽക്കാലത്തേക്കെങ്കിലും അത്തരം നീക്കങ്ങൾക്ക് തിരിച്ചടിയാണ് ബിപിൻ റാവത്തിൻറെ വിയോഗം. കരസേന മേധാവിയിൽ നിന്ന് വിരമിച്ച ശേഷമാണ് ശേഷമാണ് ബിപിൻ റാവത്ത് സംയുക്ത സേനാ മേധാവിയായത്. പുതിയ സംയുക്ത സേനാ മേധാവിയായി നിലവിലുള്ള മൂന്ന് സേനകളുടെ തലവന്മാരെയാണോ, വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരെയാണോ നിയമിക്കുക എന്നറിയാൻ കുറച്ചുകൂടി കാത്തിരിക്കണം.

Follow Us:
Download App:
  • android
  • ios