വയനാട് പുനർനിർമാണം: 260.56 കോടി രൂപ സഹായം അനുവദിച്ച് കേന്ദ്രം, അസമിന് 1270.788 കോടി

Published : Oct 01, 2025, 08:18 PM ISTUpdated : Oct 01, 2025, 09:18 PM IST
Wayanad Landslide

Synopsis

വയനാട് പുനർനിർമാണത്തിന് 260.56 കോടി രൂപ സഹായം അനുവദിച്ച് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതിയാണ് തുക അനുവദിച്ചത്.

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർ നിർമ്മാണത്തിന് ആദ്യ കേന്ദ്ര സഹായം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്നും അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതേസമയം, ബിജെപി ഭരണത്തിലുള്ള അസമിന് 1270 കോടി അനുവദിച്ചിട്ടുണ്ട്.

ഒരു വർഷത്തിലധികം നീണ്ട മുറവിളികൾക്കൊടുവിലാണ് വയനാടിന് പ്രത്യേക കേന്ദ്ര സഹായം ലഭിച്ചിരിക്കുന്നത്. വയനാട്ടിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്രം പ്രത്യേകമായി അനുവദിക്കുന്ന ആദ്യ സഹായമാണിത്. കഴിഞ്ഞ വർഷം ജൂലൈയിൽ മുണ്ടക്കൈ, ചൂരൽമല മേഖലയിലുണ്ടായ ദുരന്തത്തിൽ തകർന്നതിന്റെ പുനർ നിർമ്മാണത്തിനായാണ് 260.56 കോടി രൂപ അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തലവനായുള്ള ഉന്നതാധികാര സമിതി ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്നും 9 സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടിയാണ് അനുവദിച്ചത്. എന്നാൽ, 2022 ൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ അസമിന് 1270.788 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

വയനാടിന്റെ പുനർനിർമ്മാണത്തിന് പിഡിഎൻഎയായി കേരളം ആവശ്യപ്പെട്ടത് 2221 കോടിയാണ്. ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ് ഇപ്പോൾ അനുവദിച്ച തുക. ദുരന്തമുണ്ടായി 14 മാസത്തിന് ശേഷമാണ് പ്രത്യേക ധനസഹായമായി തുക അനുവദിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വായ്പയായി 529.50 കോടി രൂപ അനുവ​ദിച്ചിരുന്നു. ജൂലൈയിൽ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് 153 കോടിയും അനുവദിച്ചു. അതേസമയം, ഉത്തരാഖണ്ഡിന് 1658.17 കോടിയും, ഹിമാചൽ പ്രദേശിന് 2006.40 കോടിയും നേരത്തെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു, വയനാട് എംപി പ്രിയങ്ക ​ഗാന്ധിയുടെ നേതൃത്ത്വത്തിൽ യുഡിഎഫ് എംപിമാർ അമിത് ഷായെ നേരിൽ കണ്ടും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, കാര്യമായ നടപടികളുണ്ടായില്ല. പ്രധാനമന്ത്രി നേരില് കണ്ട് ബോധ്യപ്പെട്ടിട്ടും വയനാട് ദുരന്ത ബാധിതരെ അവ​ഗണിക്കുകയാണെന്ന വിമർശനം കേരള സർക്കാറും, പ്രതിപക്ഷവും ആവർത്തിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ നടപടി.

PREV
Read more Articles on
click me!

Recommended Stories

കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകി