
തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് കയ്യേറി പ്രവർത്തിക്കുന്ന തട്ടുകടകൾ അടപ്പിച്ച് പൊലീസ്. കോട്ടൺഹിൽ, വെള്ളയമ്പലം, ശാസ്തമംഗലം ഭാഗത്തെ തട്ടുകടകളാണ് അടപ്പിച്ചത്. റോഡിലേക്ക് ഇറക്കിയാണ് ഈ കടകൾ കെട്ടിയിരുന്നതെന്ന് പൊലീസ് പറയുന്നു. കോട്ടൻഹിൽ റോഡിൽ 20 ഓളം കടകൾ അടപ്പിച്ചു. ഭക്ഷണം പാഴക്കാതിരിക്കാൻ ഇന്ന് ചില കടകൾക്ക് 11 മണി വരെ പ്രവർത്തിക്കാൻ പൊലീസ് അനുമതി നൽകിയിട്ടുണ്ട്. തട്ടുകടകൾ മാറ്റണം എന്നാവശ്യപ്പെട്ട് ഇന്നലെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വഴിയാത്രക്കാർക്ക് തടസ്സം ഉണ്ടാക്കാതെയാണ് തട്ടുകടകൾ പ്രവർത്തിക്കുന്നതെന്ന് തട്ടുകടക്കാർ പറയുന്നു. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണ് തട്ടുകടക്കാർ.