
തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലേക്ക് കേന്ദ്രത്തിന്റെ കഴുകൻ കണ്ണെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടുത്തെ നിക്ഷേപം കണ്ട് വല്ലാത്തൊരു ആർത്തിയാണുള്ളത്. സഹകരണ മേഖലയെ തകർക്കാൻ നോട്ട് നിരോധനത്തിന്റെ കാലം മുതൽ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി രൂക്ഷഭാഷയിൽ വിമർശനമുന്നയിച്ചു. നവമാധ്യമങ്ങളെ കോൺഗ്രസ് മോശമായി ഉപയോഗിക്കുന്നുവെന്നും രാഷ്ട്രീയ എതിരാളികളെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട സ്ത്രീകളെയും അധിക്ഷേപിക്കുന്നുെവന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അതേ സമയം, ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ കുപിതനായി ഇറങ്ങിപ്പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 'താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല. എനിക്കുണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണ്' മുഖ്യമന്ത്രി കാസർകോട് പ്രതികരിച്ചു.
കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിന് മുന്നിൽ നിന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു. സിപിഎം നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു. വേദിക്കടുത്തുണ്ടായിരുന്ന കാറിൽ കയറി അദ്ദേഹം പോവുകയും ചെയ്തു.
ബേഡഡുക്ക കാസർകോട് ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ബാങ്കിന്റെ കെട്ടിട ഉദ്ഘാടന ചടങ്ങിനാണ് അദ്ദേഹം എത്തിയത്. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു പരിപാടിയിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിരുന്നു. സഹകരണ മേഖലയിലെ കേന്ദ്ര സർക്കാർ ഇടപെടലിനെയും കരുവന്നൂർ ബാങ്കിലടക്കം നടക്കുന്ന ഇഡി പരിശോധനയെയും പരോക്ഷമായി വിമർശിച്ചാണ് വേദിയിൽ മുഖ്യമന്ത്രി സംസാരിച്ചത്.
പ്രസംഗത്തിനിടെ അനൗൺസ്മെന്റ്: കുപിതനായി മുഖ്യമന്ത്രി, കാസർകോട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam