വീണ്ടും സോളാര്‍ ?: ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ കേസ് വിവരങ്ങൾ തേടി കേന്ദ്ര ഏജൻസികൾ

By Web TeamFirst Published Jan 19, 2020, 10:08 AM IST
Highlights

ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരായ കേസിന്‍റെ വിശദാംശങ്ങൾ തേടിയെന്ന് സരിത എസ് നായര്‍ . എംപിമാര്‍ക്കെതിരായ കേസിന്‍റെ വിശദാംശങ്ങളും അന്വേഷിച്ചു. 

തിരുവനന്തപുരം: സോളാര്‍ കേസിന്‍റെ വിശദാംശങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസി സമീപിച്ചെന്ന് വെളിപ്പെടുത്തി സരിത എസ് നായര്‍. കേസിന്‍റെ അന്വേഷണ പുരോഗതി തേടിയെന്നാണ് സരിത നായര്‍ പറയുന്നത്. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരായ വിവരങ്ങളാണ് ആരാഞ്ഞത്. രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്തിയത്. 

നേതാക്കൾക്കെതിരായ അന്വേഷണത്തിന്‍റെ പുരോഗതി വിവരങ്ങളാണ് ചോദിച്ചത്. എംപിമാര്‍ക്കെതിരായ കേസിന്‍റെ വിശദാംശങ്ങളും അന്വേഷിച്ചെന്ന് സരിത എസ് നായര്‍ പറയുന്നു. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ രാഷ്ട്രീയ സമരങ്ങൾക്കിടെ കൂടിയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ താൽപര്യ പ്രകാരം സോളാര്‍ കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സരിതാ എസ് നായരെ സമീപിച്ചതെന്നാണ് സൂചന. 

ഒന്ന് രണ്ട് തവണ ദില്ലിക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് രാഷ്ട്രീയ താൽപര്യം മുൻനിര്‍ത്തിയെന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ വടംവലികൾക്ക് ഇനി താൽപര്യമില്ല. കേരള സര്‍ക്കാര്‍ കേസിൽ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിതാ എസ് നായര്‍ പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്നും സരിതാ എസ് നായര്‍ പറയുന്നു. 

കേസിൽ നീതി കിട്ടിയില്ലെന്ന പരാതി ഉണ്ടെന്ന് സരിതാ നായര്‍ പറയുന്നുണ്ട്. രാഷ്ട്രീയ നിലപാടുകൾക്ക് നിന്ന് കൊടുക്കാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് കേസ് നിയമ വഴിക്ക് മാത്രം പോകട്ടെ എന്ന് തീരുമാനം എടുത്തത്. നീതി വൈകുന്ന സാഹചര്യം ഉണ്ടായാൽ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനും ആലോചിക്കുന്നുണ്ടെന്ന്  സരിത എസ് നായര്‍ പറയുന്നു. "

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ , ഹൈബീ ഈഡൻ, അടൂര്‍ പ്രകാശ്, എന്നിവര്‍ക്കെതിരായ കേസിന്‍റെ വിവരങ്ങളും എപി അബ്ദുള്ളക്കുട്ടിക്കെതിരായ കേസിന്‍റെ വിവരങ്ങളും തേടിയെന്നാണ് സരിത എസ് നായര്‍ പറയുന്നത്. 

 

click me!