
ദില്ലി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാരിന്റെ അപ്പീൽ. സുപ്രീംകോടതിയിൽ കേന്ദ്രം ഇതുസംബന്ധിച്ച് അപ്പീൽ സമർപ്പിച്ചു. കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട് എന്നാണ് സൂചന. കേന്ദ്രത്തിന്റെ അപ്പീലിനെതിരെ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുത് എന്ന് കാട്ടി ഡി ശിൽപ ഐപിഎസ് സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചു. അഭിഭാഷകൻ ഡോ. പി ജോർജ്ജ് ഗിരിയാണ് ശിൽപക്കായി തടസഹർജി സമർപ്പിച്ചത്.
കര്‍ണാടക സ്വദേശിനിയായ ഡി ശിൽപയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ജൂലായിൽ ഉത്തരവിട്ടത്. കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രം അപ്പീൽ സമർപ്പിച്ചത്. 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവുകാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഡി ശിൽപയുടെ വാദം. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേഡര്‍ നിര്‍ണയത്തില്‍ പിഴവുണ്ടായി എന്ന ഹര്‍ജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചായിരുന്നു ഹൈക്കോടതി നിർദ്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam