
ദില്ലി: രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോഴും ഗ്യാനേഷ് കുമാറിനെ ചേര്ത്ത് നിര്ത്താന് കേന്ദ്ര സര്ക്കാര്. അസാധ്യമെന്ന് കരുതിയ വോട്ടര് പട്ടിക പരിഷ്ക്കരണം നടപ്പാക്കാനായത് ഗ്യാനേഷ് കുമാറിന്റെ പ്രവര്ത്തന മികവുകൊണ്ടാണെന്നാണ് സര്ക്കാരിന്റെ വിലയിരുത്തല്. ഇന്ത്യ സഖ്യം നേതൃത്വം നല്കുന്ന ഒന്നിച്ചുള്ള പ്രതിഷേധത്തില് സിജെപിയേയും ഒപ്പം ചേര്ക്കാന് രാഹുല് ഗാന്ധി ശ്രമിച്ചെങ്കിലും നേതൃത്വം ക്ഷണം നിരസിച്ചു.
രാജ്യത്താകെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. എല്ലാവരുടെയും ആവശ്യം ഗ്യാനേഷ് കുമാറിന്റെ രാജി. പൊലീസിനെയും കേന്ദ്ര സേനയേയും ഇറക്കി പ്രതിഷേധങ്ങള് അടിച്ചമര്ത്തുന്ന സര്ക്കാരിന് ഗ്യാനേഷ് കുമാര് ഇപ്പോഴും വേണ്ടപ്പെട്ടയാളാണ്. ഗ്യനേഷ് കുമാറുള്പ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്ന പ്രചാരണം ദേശീയ തലത്തില് ബിജെപി സജീവമാക്കും. എസ്ഐആര് അനിവാര്യമായ നടപടിയായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന് നേതാക്കള്ക്ക് നിര്ദ്ദേശം നല്കും.
13 കോടി പേര് പുറത്തായ വോട്ടര് പട്ടിക പരിഷ്ക്കരണമാണ് വിവാദമായതെങ്കില് അക്കാര്യം നടപ്പാക്കാനായത് ഗ്യാനേഷ് കുമാറിന്റെ പ്രവര്ത്തന മികവുകൊണ്ട് മാത്രമാണെന്നാണ് സര്ക്കാര് നിലപാട്. കമ്മീഷനില് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്ന പ്രചാരണം തളളാന് എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്നതാണ് രേഖകളിലുള്ളതെന്ന അവകാശവാദവും സര്ക്കാര് വൃത്തങ്ങള് ഉന്നയിക്കുകയാണ്. ദസറ ആഘോഷങ്ങള്ക്ക് ശേഷം പ്രതിപക്ഷ ആരോപണങ്ങള്ക്കെതിരെ വ്യാപക ക്യാമ്പയിന് തുടങ്ങാനാണ് ബിജെപിയുടെ തീരുമാനം.
പ്രതിഷേധങ്ങള്ക്കിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചതും പ്രതിപക്ഷ ആരോപണം എവിടെയും ഏശുന്നില്ലെന്നതിന്റെ തെളിവായാണ് ബിജെപി വിലയിരുത്തുന്നത്. ഡിസംബറില് തുടങ്ങുന്ന പാര്ലമെന്റ് ശൈത്യകാല സമ്മേളനത്തിലും ഇക്കാര്യത്തില് വിശദമായ ചര്ച്ചക്ക് സര്ക്കാര് തയ്യാറാകും. അതേ സമയം ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധം ശക്തമാക്കാന് സിജെപിയേയും ഒപ്പം നിര്ത്താനുള്ള ശ്രമം നടന്നിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്ത് വന്നു. രാഹുല് ഗാന്ധിയുടെ വസതിയില് കഴിഞ്ഞ ദിവസം നടത്തിയ ചായസത്ക്കാരത്തിലേക്ക് സിജെപി നേതാവ് അഭിജിത് ദീപ്കെക്കും അഭിഭാഷകന് പ്രശാന്ത് ഭൂഷണ് മുഖേന ക്ഷണം നല്കിയിരുന്നു.
എന്നാല് ദീപ്കേ ക്ഷണം നിരസിച്ചു. സിജെപിയെ ഒപ്പം നിര്ത്താനുള്ള നീക്കം തുടരുന്നതിന്റെ ഭാഗമാണ് ജന്തര്മന്തറിലേക്ക് തള്ളിക്കയറിയ സിജെപി നേതാക്കള്ക്ക് രാഹുല് ഗാന്ധി നല്കിയ പിന്തുണയെന്നും വിലയിരുത്തപ്പെടുന്നൂ. എന്നാല് സിജെപി നാളെ ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തില് പങ്കെടുക്കുന്ന സൂചന ഇതുവരെ കോണ്ഗ്രസ് നേതൃത്വം നല്കിയിട്ടില്ല. ഇന്ത്യ സഖ്യത്തിലെ ധാരണ മറികടന്നായിരുന്നു നേരത്തെ തൃണമൂല് കോണ്ഗ്രസും സിപിഎമ്മും പിന്തുണയുമായി ഇറങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam