
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ വിവാദ പ്രസംഗത്തിൽ ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ തിരുവനന്തപുരം പൊലീസ് കമ്മീഷണർക്ക് പരാതി. യുഡിഎഫ് നേതാവും കൗൺസിലറുമായ കെ എസ് ശബരീനാഥൻ ആണ് പരാതി നൽകിയത്. മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ് പരാതി. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ശ്രീലേഖ അധിക്ഷേപിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ താണ്ഡവ നൃത്തത്തെ മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോളുണ്ടാകുന്ന വെപ്രാളമായി ചിത്രീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നത് എന്നായിരുന്നു ആർ ശ്രീലേഖയുടെ വിവാദ പരാമർശം. ഇന്നലെ കൊല്ലം പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ആർ ശ്രീലേഖയുടെ പരാമർശം. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ശബരിനാഥൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിവാദ പരാമർശം പിൻവലിച്ചില്ലെങ്കിൽ നിയമത്തിന്റെ വഴിയേ പോകുമെന്നും ശബരിനാഥൻ പറഞ്ഞിരുന്നു. പിന്നാലെയാണ് നേരിട്ട് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂത്ത് കോൺഗ്രസും ആർ ശ്രീലേഖക്കെതിരെ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ആർ ശ്രീലേഖക്കെതിരെ കേസ് എടുക്കണമെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam