തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വിധിനിർണയ പാനലിനെതിരെ ഉയർന്ന ആരോപണത്തിൽ കേസ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആണ് കേസെടുത്തത്. വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് ആരോപണവുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം: കലോത്സവ വിധിനിർണയ പാനലിനെതിരെ ഉയർന്ന ആരോപണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിലെ വിധിനിർണയ പാനലിനെതിരെ ഉയർന്ന ആരോപണത്തിലാണ് നടപടി. വിധിനിർണയ പാനലിൻ്റെ വിവരങ്ങൾ ചോർന്നെന്നും പണം ആവശ്യപ്പെട്ടെന്നുമായിരുന്നു പരാതി. ജില്ലാ പൊലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പൊലീസ് വിജിലൻസ് എന്നിവരോട് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.
തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 30ന് ആരംഭിക്കാനിരിക്കെ വിധിനിർണയ പാനലിനെതിരെ പരാതിയുമായി മത്സരാർത്ഥികളും രക്ഷിതാക്കളുമാണ് രംഗത്തെത്തിയത്. വിധിനിർണയ പാനൽ വിവരങ്ങൾ ചോർന്നെന്നും പണം ആവശ്യപ്പെട്ടെന്നുമായിരുന്നു ആരോപിച്ചത്.
ഒന്നാം സ്ഥാനം ഉറപ്പാക്കാൻ ഇടനിലക്കാർ വഴി മൂന്നുമുതൽ നാല് ലക്ഷം രൂപ വരെ ആവശ്യപ്പെട്ടെന്നാണ് പരാതി. കലോത്സവം തുടങ്ങുന്നതിന് മുമ്പ് അടിയന്തര അന്വേഷണം നടത്തി നിഷ്പക്ഷത ഉറപ്പാക്കണമെന്ന് രക്ഷിതാക്കൾ ഡിജിഇക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രോഗ്രാം കമ്മിറ്റി വിളിക്കുമ്പോൾ ഏത് തീയതി ഏറ്റെടുക്കണമെന്നും തലേദിവസം എത്തണമെന്നും പറയുന്ന വാട്സ്ആപ്പ് ചാറ്റും തെളിവായി ഹാജരാക്കിയിരുന്നു.


