കടൽക്കൊലക്കേസ് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

By Web TeamFirst Published Apr 7, 2021, 12:32 PM IST
Highlights

2012 ലാണ് ഇറ്റലിയൻ കപ്പലായ ഇൻട്രിക്കാ ലക്സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്. 

ദില്ലി: കടൽകൊല കേസ് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ വീണ്ടും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കുടുംബംഗങ്ങൾക്ക് നൽകിയതിനാൽ കേസ് ഇനി തുടരേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. 2012 ലാണ് കേരളത്തിലെ സമുദ്രാതിര്‍ത്തിയിൽ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികൾ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്.

രാഷ്ട്രീയരംഗത്തടക്കം ഏറെ കോളിളക്കമുണ്ടായ കടൽകൊല കേസ് എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം. നയതന്ത്ര പ്രധാന്യമുള്ള വിഷയമാണ് ഇതെന്നും അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരം കുടുംബാംഗങ്ങൾക്ക്  നഷ്ടപരിഹാരം ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിന്‍റെ അപേക്ഷയിൽ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാതെ കേസ് അവസാനിപ്പിക്കില്ലെന്നായിരുന്നു 2016ൽ ഇതേ ആവശ്യം ഉന്നയിച്ച കേന്ദ്രത്തിന് സുപ്രീംകോടതി നൽകിയ മറുപടി. എൻട്രിക ലെക്സി എന്ന എണ്ണകപ്പലിൽ നിന്നുള്ള വെടിയേറ്റാണ് 2012 ൽ ഒരു മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികൾ മരിച്ചത്. ഇറ്റാലിയൻ നാവികര്‍ മാസിമിലാനോ ലാത്തോറേ, സാൽവത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികൾ.

ഇന്ത്യക്കാരെ വെടിവെച്ച ഇറ്റാലിയൻ നാവികര്‍ക്കെതിരെ ശക്തമായ നടപടി എന്ന ആദ്യ നിലപാടുകളിൽ പിന്നീട് സര്‍ക്കാരുകൾ തന്നെ അയവുവരുത്തുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് രണ്ടുപേരെയും ജാമ്യത്തിൽ ജന്മനാട്ടിലേക്ക് പോകാൻ അനുവദിച്ചു.  അന്താരാഷ്ട്ര കോടതിവരെ എത്തിയ കേസിൽ എല്ലാ നടപടികളും പൂര്‍ത്തിയായ സാഹചര്യത്തിൽ ഇന്ത്യയിൽ ഈ കേസ് തുടരേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതേസമയം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഭവം നടക്കുമ്പോൾ ബോട്ടിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതു കൂടി പരിശോധിച്ചാകും കേന്ദ്ര സര്‍ക്കാരിന്‍റെ  ആവശ്യത്തിൽ സുപ്രീംകോടതി തീരുമാനം എടുക്കുക.

 

click me!