
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ വിഭാഗത്തിൽ കൂട്ടപിരിച്ചുവിടൽ എന്ന പ്രചാരണം തെറ്റാണെന്ന് ചെയര്‍മാൻ നീരജ് കോലി. ഈ വിഷയത്തില്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളി. ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണ്. വായനക്കാരോടും ജീവനക്കാരോടും എന്നും എപ്പോഴും തികഞ്ഞ ഉത്തരവാദിത്തത്തോടെ ഇടപെടുന്ന മാധ്യമമാണ് ഏഷ്യാനെറ്റ് ന്യൂസെന്ന് അദ്ദേഹം വ്യക്തമാക്കി.
തൊഴിൽ സൗഹൃദമായ ഓഫീസ് അന്തരീക്ഷവും മികച്ച സേവന, വേതന വ്യവസ്ഥകളുമുള്ള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ ജീവനക്കാർ സ്ഥാപനത്തിന്‍റെ വളർച്ചയിൽ ആത്മാർത്ഥമായ പങ്കുവഹിച്ച, മികച്ച മാധ്യമപ്രവർത്തകരാണ്. ജീവനക്കാരെ അകാരണമായി പിരിച്ചുവിടുന്നതും സമ്മർദ്ദം ചെലുത്തലുമൊന്നും 30 കൊല്ലത്തെ സ്ഥാപനചരിത്രത്തിൽ ഉണ്ടാകാത്ത കാര്യങ്ങളാണ്. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പോലും സ്ഥാപനം ഒരിക്കലും ഏകപക്ഷീയമായോ ന്യായീകരിക്കാനാവാത്തതോ ആയ പിരിച്ചുവിടലുകൾ നടത്തിയിട്ടില്ല.
ഇത്തരം ആരോപണങ്ങൾ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. കൂടുതൽ ഉത്തരവാദിത്തത്തോടെ സമൂഹത്തോട് പ്രതിജ്ഞാബദ്ധമായി മാധ്യമപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന് അനുഭവസമ്പന്നരായ മാധ്യമപ്രവർത്തകരുടെ സംഘമാണ് ബലം. തെറ്റായ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും നീരജ് കോലി അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam