
ആലപ്പുഴ: ചമ്പക്കുളത്ത് ഹൗസ് ബോട്ട് ജീവനക്കാരൻ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. തകഴി ചെറയകം സ്വദേശി അഭിലാഷ് കെ (40) ആണ് നെടുമുടി പൊലീസിന്‍റെ പിടിയിലായത്. മാർച്ച് 21-ന് അർജന്‍റിനയിൽ നിന്നുള്ള 15 അംഗ വിനോദ സഞ്ചാര സംഘം ചമ്പക്കുളത്തെ റിസോർട്ടിൽ താമസിക്കാനെത്തിയിരുന്നു. ഇവർ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ പോയ സമയം നോക്കി, ബോട്ടിലെ സിസിടിവി ക്യാമറകൾ ബോധപൂർവ്വം ഓഫ് ചെയ്ത ശേഷമാണ് അഭിലാഷ് മുറിയിൽ കടന്ന് പണം അപഹരിച്ചത്. വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളറാണ് ഇയാൾ മോഷ്ടിച്ചത്.
പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടൻ വിനോദ സഞ്ചാരികൾ നെടുമുടി സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ചോദ്യം ചെയ്തതിൽ അഭിലാഷിന്‍റെ മൊഴികളിലെ വൈരുധ്യം പൊലീസിന് സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച ശേഷം ഒളിപ്പിച്ചു വെച്ചിരുന്ന പണം പൊലീസ് സുരക്ഷിതമായി വീണ്ടെടുത്തു. അമ്പലപ്പുഴ ഡിവൈഎസ് പി രാജേഷ് കെ, നെടുമുടി സി ഐ നൗഫൽ എ എന്നിവരുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ ബിനോയി എം എ, ഗ്രേഡ് എസ് ഐ സുധി വി പി, എ എസ് ഐ ഷൈനിമോൾ, സീനിയർ സി പി ഒ അരുൺ എന്നിവരടങ്ങിയ സംഘമാണ് കേസ് തെളിയിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam