
പാലക്കാട്: ചന്ദ്രനഗർ സഹകരണബാങ്ക് കവര്‍ച്ച നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് കൊച്ചിയും തമിഴ്നാടും കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാങ്കിനെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെ സഹായം മോഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
ചന്ദ്രനഗറിലെ ബാങ്ക് കുത്തിത്തുറന്ന് ഏഴരക്കിലോ സ്വർണ്ണവും പതിനെണ്ണായിരം രൂപയും മോഷ്ടിച്ച കേസ് ഒരാഴ്ച്ച പിന്നിടുമ്പോൾ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. സേലം, തിരിച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നിവടങ്ങളിൽ ഒരു സംഘവും കൊച്ചി കേന്ദ്രീകരിച്ച് മറ്റൊരു സംഘവുമാണ് തെരച്ചിൽ നടത്തുന്നത്. നേരത്തെ സമാന കേസുകളിൽ പ്രതികളായവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബാങ്കിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരുടെ സഹായം മോഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരാണോ ഇതിന് പിന്നെലന്ന് അന്വേഷിച്ചിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ മോഷ്ടാക്കൾ നശിപ്പിച്ചതാണ് അന്വേഷണത്തെ വലയ്ക്കുന്നത്. സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും മോഷണ സംഘത്തെക്കുറിച്ച് വ്യക്തമായ ഒരു സൂചനയും ലഭിച്ചില്ല. മോഷ്ടാക്കൾ സ്വർണ്ണം വിൽക്കുന്നതിന് മുന്പ് പ്രതികളെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam