ചന്ദ്രിക കള്ളപ്പണ കേസ്; എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തു

By Web TeamFirst Published Oct 13, 2021, 5:54 PM IST
Highlights

കള്ളപ്പണം വെളിപ്പിക്കുന്നത് സംബന്ധിച്ച് എം കെ മുനീറിന് അറിവുണ്ടോ എന്ന പരിശോധനയുടെ ഭാഗമായിട്ടാണ് മൊഴിയെടുക്കല്‍ നടന്നത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ആണ് എം കെ മുനീർ.

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ (chandrika money laundering case) മുസ്ലിംലീഗ് (Muslim league) നേതാവ് എം കെ മുനീറിനെ (m k muneer) എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തത്. ചോദ്യംചെയ്യൽ ഒരു മണിക്കൂർ നീണ്ടു എന്നാണ് വിവരം. കള്ളപ്പണം വെളിപ്പിക്കുന്നത് സംബന്ധിച്ച് എം കെ മുനീറിന് അറിവുണ്ടോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മൊഴിയെടുക്കല്‍ നടന്നത്. ചന്ദ്രിക പത്രത്തിന്‍റെ ഡയറക്ടർ ആണ് എം കെ മുനീർ.

നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്‍റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വെളുപ്പിച്ചെന്നാണ് പരാതി. പാലാരിവട്ടം പാലം അഴിമതിയിലൂടെ  ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച്  പാണക്കാട് കുടുംബാംഗങ്ങളുടെ  പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും ആരോപണമുണ്ട്. എന്നാൽ, കള്ളപ്പണമാണ് വെളുപ്പിച്ചത്  എന്ന ആരോപണം എം കെ മുനീർ നിഷേധിച്ചു.

അക്കൗണ്ടിൽ ഉണ്ടായത് പത്രത്തിന്‍റെ വാർഷിക വരിസംഖ്യ ആണെന്നായിരുന്നു എം കെ മുനീറിന്‍റെ മൊഴി. ദൈനംദിന കാര്യങ്ങളിൽ പത്രത്തിന്‍റെ ഡയറക്ടറായ താൻ ഇടപെടാറില്ലെന്നും ഫിനാൻസ് മാനേജറാണ് ഇക്കാര്യം പരിശോധിക്കുന്നതെന്നും മുനീർ മൊഴി നൽകി. ഹൈദരലി ശിഹാബ് തങ്ങൾ ആരോഗ്യസംബന്ധമായ കാരണത്താൽ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാറില്ലെന്നും മുനീർ മൊഴി നൽകിയിട്ടുണ്ട്. കള്ളപ്പണ കേസിൽ നേരത്തെ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള വരെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.

click me!