
തിരുവനന്തപുരം: വി മുരളീധരൻ കേന്ദ്രമന്ത്രിയായതോടെ ഇനി സംസ്ഥാനബിജെപിയിലെ അധികാര സമവാക്യങ്ങൾ മാറും. തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ സംസ്ഥാന നേതൃത്വവുമായി അടുപ്പത്തിലല്ലാത്ത വി മുരളീധരനെ കേന്ദ്രനേതൃത്വം മന്ത്രിസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തതിന് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. കെ സുരേന്ദ്രൻ ബിജെപി അധ്യക്ഷ സ്ഥാനത്തേക്കെത്താനുള്ള സാധ്യതയും നിലനിൽക്കുന്നു.
വി മുരളീധരനെ കേരളത്തിൽ നിന്നുള്ള മന്ത്രിയാക്കി അമിത് ഷാ സംസ്ഥാന പാർട്ടി നേതൃത്വത്തിന് നൽകുന്ന സന്ദേശം വ്യക്തമാണ്. കേരളത്തിലെ ദയനീയ പ്രകടനത്തിന് ശേഷം സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. അങ്ങനെ വന്നാൽ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വിശ്വസ്തനായ കെ സുരേന്ദ്രനെ വി മുരളീധരൻ നിർദേശിക്കും.
മുൻപ് രണ്ട് തവണ ഈ നീക്കം പാളിയതാണെങ്കിലും ഇത്തവണ ദേശീയ തലത്തിൽ കരുത്താർജിച്ച മുരളീധരന്‍റെ നീക്കങ്ങൾ ലക്ഷ്യം കാണാൻ സാധ്യത കൂടുതലാണ്. സംസ്ഥാന ഘടകത്തിലെ പടലപ്പിണക്കങ്ങളെക്കുറിച്ച് ബോധ്യമുള്ള ദേശീയ നേതൃത്വം ഒരു വിഭാഗത്തെ മാത്രം പിന്തുണയ്ക്കില്ലെന്നാണ് മറുപക്ഷം കരുതുന്നത്. ഏറെ നാളായി വി മുരളീധരനുമായി വലിയ സൗഹൃദത്തിലല്ലാത്ത സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന്‍റെ നിലപാടായിരിക്കും നിർണ്ണായകമാവുക.
കേരളത്തിൽ ഇത്തവണ പ്രചരണ രംഗത്തേ ഇല്ലാതിരുന്ന നേതാവായിരുന്നു വി മുരളീധരൻ. എന്നിട്ടും കേന്ദ്രമന്ത്രിയായി. ആന്ധ്രയുടെ ചുമതല ഉണ്ടായിരുന്നതിനാലെന്ന ന്യായമുണ്ടെങ്കിലും സംസ്ഥാന നേതൃത്വവുമായി രസത്തിലല്ല വി മുരളീധരൻ. മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ വി മുരളീധരന്‍റേയും പി കെ കൃഷ്ണദാസിന്‍റേയും പേരിലുള്ള ഗ്രൂപ്പുകൾ തമ്മിൽ വർഷങ്ങളായി തുടരുന്ന പോരിന് ഇടയിലാണ് വി മുരളീധരനെ കേന്ദ്രനേതൃത്വം പിന്തുണച്ചിരിക്കുന്നത്. ഗവർണർ പദവി രാജിവച്ച് മൽസരിക്കാനെത്തിയ കുമ്മനം രാജശേഖനെയും മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, സുരേഷ് ഗോപി എന്നീ രാജ്യസഭാ എംപിമാരേയും തഴയുകയും ചെയ്തു.
ഏതായാലും മികച്ച പരിഗണനയോടെ കേന്ദ്ര മന്ത്രിസഭയിലേക്ക് കേരളത്തിന്‍റെ പ്രതിനിധിയായി വി മുരളീധരൻ എത്തുമ്പോൾ സംസ്ഥാന ബിജെപിയുടെ ഘടനയിലും അധികാര സമവാക്യങ്ങളിലും അത് വലിയ അനുരണനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഒരു അഴിച്ച് പണിയുടെ വക്കിൽ സംഘടനാ സംവിധാനം ചെന്ന് എത്തിനിൽക്കുമ്പോൾ പ്രത്യേകിച്ചും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam