പ്രതിയുടെ വീട്ടിൽ മോഷണം; കോഴിക്കോട് ക്രൈം ബ്രാഞ്ച് സിഐക്കെതിരെ കുറ്റപത്രം

By Web TeamFirst Published Nov 16, 2022, 6:47 PM IST
Highlights

സംഭവം നടന്ന 2009 ൽ പേരൂർക്കട പ്രൊബേഷണറി എസ് ഐയായിരുന്നു സിബി തോമസ്.

തിരുവനന്തപുരം : കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിലെ പരിശോധനയിൽ കണ്ടെത്തിയ പണം മുക്കിയ ഇൻസ്പെക്ടർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ സിബി തോമസിനെതിരെയാണ് കുറ്റപത്രം നൽകിയത്. 2009ൽ പേരൂർക്കട സ്വദേശി രാമസ്വാമിയുടെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ഒരു സംഘം ആളുകളുമായി രാമസ്വാമിയും മകനും ഏറ്റമുട്ടിയിരുന്നു. ഇതറിഞ്ഞ് പേരൂർക്കട ഇസ്പെക്ടർ അശോകൻ, എസ്ഐ നസീർ, പ്രൊബേഷൻ എസ് ഐ സിബി തോമസ് എന്നിവർ സ്ഥലത്തെത്തി. രാമസ്വാമിയെയും ഭാര്യയും പൊലീസ് കസ്റ്റഡിലെടുത്തു. 

ഇവർക്കെതിരെ ലഹരിവസ്തു വിറ്റതിന് ഉള്‍പ്പെടെ നേരത്തെയും കേസുകള്‍ ഉള്ളതിനാൽ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് കണ്ടെത്തിയ 34,000 രൂപ സിബി തോമസ് എടുത്തുവെങ്കിലും കോടതിയിൽ നൽകിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. വീട്ടിൽ നിന്ന് സ്വർണവും പണവും പൊലീസ് മോഷ്ടിച്ചുവെന്ന രാമസ്വാമിയുടെ ഭാര്യ ഉഷയുടെ പരാതിയിലാണ് കേസന്വേഷണം നടത്തിയത്. സ്വർണം മോഷ്ടിച്ചുവെന്ന വാദം കളവാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. 

പക്ഷെ പണം സ്റ്റേഷനിൽ എസ് ഐ എണ്ണി തിട്ടപ്പെടുത്തിയെങ്കിലും പണം എവിടെ പോയെന്ന് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ല. അന്ന് പ്രൊബേഷൻ എസ് ഐയായിരുന്ന സിബി തോമസ് ഈ പണം ദുരുപയോഗം ചെയ്തുവെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. മോഷണ കുറ്റം ഒഴിവാക്കി പണം ദുരുപയോഗം ചെയ്തുവെന്ന വകുപ്പാണ് സിബിതോമസിനെതിരെ ചുമത്തിയത്.  വീട്ടിൽ പരിശോധന നടത്തിയ മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും ക്രൈം ബ്രാഞ്ച് ഒഴിവാക്കി. ക്രൈം ബ്രാഞ്ച് നേരത്തെ അവസാനിച്ച കേസ് ഹൈക്കോടതി നിർദ്ദേശ പ്രകാരം തുടരന്വേഷണം നടത്തിയ ശേഷമാണ് ഒരു ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം നൽകിയത്.

click me!