
കൊച്ചി: സർവ്വകലാശാല വിദ്യാർത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ നവകേരളം-യുവകേരളം കൊച്ചിയിൽ തുടങ്ങി. കുസാറ്റിൽ നടന്ന പരിപാടിയിൽ അഞ്ച് സർവ്വകലാശാലയിലെ തെരഞ്ഞെടുത്ത 200 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മികവിന്‍റെ കേന്ദ്രങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് സർക്കാർ ലകഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പഠനത്തോടൊപ്പം ജോലി പരിചയം, കോഴ്സുകളുടെ കാലാനുസൃതമായ പരിഷ്‍കാരം, പരീക്ഷാ കലണ്ടറിന്‍റെ ഏകീകരണം, ട്രാൻസ്ജെന്‍റർ സമൂഹത്തെയും അധ്യാപക ശ്രേണിയിലേക്ക് ഉയർത്തൽ അങ്ങനെ നിരവധിയായ നിർദ്ദേശങ്ങളായിരുന്നു മുഖ്യമന്ത്രിയ്ക്ക മുന്നിൽ വിദ്യാർത്ഥികൾ ഉന്നയിച്ചത്. എല്ലാം കുറിച്ചെടുത്ത മുഖ്യമന്ത്രി പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പും നൽകി.
നവകേരള നിർമ്മാണത്തിൽ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിക്കലാണ് സംവാദ പരിപാടിയുടെ ലക്ഷ്യം. വിവിധ സർവ്വകലാശാലകൾ കേന്ദ്രീകരിച്ചുള്ള പരിപാടിയുടെ ആദ്യ ഘട്ടമാണ് കുസാറ്റിൽ നടന്നത്. കുസാറ്റ്, കെടിയു, ആരോഗ്യസർവ്വകലാശാല, ഫിഷറീസ് സർവ്വകലാശാല, ന്യുവാൽസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ആദ്യ സംവാദത്തിൽ പങ്കാളികളായത്.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം കൂട്ടുകയാണ് സർക്കാർ ലക്ഷ്യമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ബിരുദാനന്തര തലത്തൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒറ്റത്തവണ ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ വിവിധ സർവ്വകലാശാല മേധാവിമാർ പങ്കടുത്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ അധ്യക്ഷനായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam