ഈ സഖാക്കൾക്കിതെന്ത് പറ്റി? സത്യം സജി ചെറിയാൻ പറഞ്ഞാലും അംഗീകരിക്കുമെന്ന് സന്ദീപ് വാര്യര്‍

Published : Apr 28, 2022, 10:23 PM IST
ഈ സഖാക്കൾക്കിതെന്ത് പറ്റി? സത്യം സജി ചെറിയാൻ പറഞ്ഞാലും അംഗീകരിക്കുമെന്ന് സന്ദീപ് വാര്യര്‍

Synopsis

കേരളത്തിന് വേണ്ടത് ഗുജറാത്ത് മോഡലാണ്. വികാസ് വികാസ് ... ഈ മോദി മന്ത്രമാണ് കേരളത്തിനാവശ്യം. ഗുജറാത്തിലേത് പോലെ മലയാളി യുവതയിൽ സംരംഭകത്വം വളർത്തണം. ഗുജറാത്തിലേത് പോലെ കേരളത്തിലും വ്യാവസായിക സൗഹൃദാന്തരീക്ഷം വേണം

പാലക്കാട്: ഗുജറാത്തിലെ ഡാഷ് ബോർഡ് (Gujarat Dash Bord) സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ കേരളം ചീഫ് സെക്രട്ടറിയെ അയച്ച സംഭവം ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഈ സഖാക്കൾക്കിതെന്ത് പറ്റിയെന്ന് സന്ദീപ് ചോദിക്കുന്നത്. ചീഫ് സെക്രട്ടറി മുതൽ മന്ത്രി സജി ചെറിയാൻ വരെയുള്ളവർ ഗുജറാത്ത് മോഡലിനെ പുകഴ്ത്തുകയാണ്. അബ്ദുള്ളക്കുട്ടിയും ഷിബു ബേബി ജോണും ഇതേ കാര്യം പറഞ്ഞതിനല്ലേ കേരളത്തിൽ വേട്ടയാടപ്പെട്ടതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. 

കേരളത്തിന് വേണ്ടത് ഗുജറാത്ത് മോഡലാണ്. വികാസ് വികാസ് ... ഈ മോദി മന്ത്രമാണ് കേരളത്തിനാവശ്യം. ഗുജറാത്തിലേത് പോലെ മലയാളി യുവതയിൽ സംരംഭകത്വം വളർത്തണം. ഗുജറാത്തിലേത് പോലെ കേരളത്തിലും വ്യാവസായിക സൗഹൃദാന്തരീക്ഷം വേണം. ജോലിക്കായി കുടുംബത്തെ ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ സംഭവിക്കുന്ന മസ്തിഷ്ക ചോർച്ച അവസാനിപ്പിക്കണം. ഗുജറാത്തിലേത് പോലെ കേരളത്തിലും നല്ല റോഡുകൾ വേണം.

ഗുജറാത്തിലേത് പോലെ കേരളത്തിലും നിലവാരമുള്ള വൈദ്യുത വിതരണം വേണം. ഗുജറാത്തിലേത് പോലെ കേരളവും ദേശീയധാരയോടൊപ്പം സഞ്ചരിക്കണമെന്നും സത്യം സജി ചെറിയാൻ പറഞ്ഞാലും അംഗീകരിക്കുമെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. ഗുജറാത്തിൽ ഒരു നല്ല കാര്യം നടന്നാൽ അതു കേരളം മാതൃകയാക്കുന്നതിൽ എന്താണ് തെറ്റെന്ന് സജി ചെറിയാന്‍ ചോദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

അതേസമയം, ഗുജറാത്തിലെ ഡാഷ് ബോർഡ് സംവിധാനത്തെ കേരള ചീഫ് സെക്രട്ടറി വി പി ജോയ് പുകഴ്ത്തിയിരുന്നു. ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമാണെന്ന് വി പി ജോയ് പറഞ്ഞു. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിത്. സേവന വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും മറ്റും ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമായ ഒരു സംവിധാനമാണ്.

സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഗുജറാത്തിലെത്തിയ ചീഫ് സെക്രട്ടറി ഇന്ന് രാവിലെ  മുഖ്യമന്ത്രിയുടെ വസതിയിൽ സന്ദർശനം നടത്തി. ഇവിടെയാണ് ഡാഷ് ബോർഡ് സംവിധാനത്തിന്‍റെ ഭാഗമായുള്ള വീഡിയോ വാൾ അടക്കമുള്ളത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സ്റ്റാഫ് ഓഫിസർ ഉമേഷ് ഐഎഎസും ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയത്. ഗുജറാത്ത് ചീഫ്  സെക്രട്ടറി പങ്കജ് കുമാർ ഡാഷ് ബോർഡ് സംവിധാനം വിശദീകരിച്ച് നൽകി. ഇന്ന് മുഴുവൻ ഉദ്യോഗസ്ഥരുമായും മറ്റുമുള്ള കൂടിക്കാഴ്ച്ചകളാണ് നിശ്ചയിച്ചിരിക്കുന്നത്.

നാളെ കേരളത്തിലേക്ക് മടങ്ങും. 2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ തുടങ്ങിയ ഡാഷ് ബോർഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സർക്കാരിന്‍റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിലൂടെ തത്സമയം വിലയിരുത്തുന്നതാണ് സംവിധാനം. ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. പിണറായിയുമായി അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ഗുജറാത്ത് മാതൃക എടുത്ത് പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർക്ക് മാർക്കിട്ട് പ്രവർത്തനം വിലയിരുത്തുന്ന സംസ്ഥാന സർക്കാർ ഗുജറാത്ത് രീതി കൂടി മാതൃക ആക്കാനാണ് പഠനത്തിനായി ചീഫ് സെക്രട്ടറിയെ അയച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ അഭിഭാഷക മരിച്ച നിലയിൽ; മരണം ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ; ആത്മഹത്യയെന്ന് സംശയം
'തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെ നിക്ഷേപം, ഭാര്യയുടെ പേരില്‍ 62 ലക്ഷം'; ശബരിമല സ്വർണ്ണക്കൊള്ളയില്‍ കണ്ഠര് രാജീവര്‍ക്കെതിരെ എസ്ഐടി