മെൻസ് അസോസിയേഷന്റെ പ്രതിനിധികൾക്ക് വിമർശനം. മന്ത്രി ബിന്ദു കൃഷ്ണ ആണ് വിമർശനം നടത്തിയത്. ഇത്രക്ക് സംസ്കാര ശൂന്യരാണോ അവരെന്ന് മന്ത്രി. തങ്ങൾ പുരുഷന്മാർക്ക് എതിരല്ലെന്നും സ്ത്രീകളെ അടിച്ചാക്ഷേപിക്കുന്ന ആളുകൾ ആ സ്ഥാനത്ത് ഇരിക്കണോ എന്നത് അവർ ആലോചിക്കണമെന്നും മന്ത്രി.
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു മന്ത്രി ബിന്ദു കൃഷ്ണ. ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികളെന്ന് ചോദിച്ച മന്ത്രി, ഒരു സംഘടനയുടെ ഭാരവാഹികളാകാൻ കുറഞ്ഞ പക്ഷം സംസ്കാരമെങ്കിലും വേണമെന്നും പറഞ്ഞു. തങ്ങൾ പുരുഷന്മാർക്ക് എതിരല്ല. സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന ഇത്തരം ആളുകളെ സ്ഥാനത്ത് ഇരുത്തണോ എന്ന് സംഘടനയിലെ ആത്മാഭിമാനമുള്ള പുരുഷന്മാർ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനത്ത് നടന്ന വനിതാ സംഗമത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാറാണ് സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. വനിതാ സംഗമത്തിനെതിരെയായിരുന്നു അജിത് കുമാറിൻ്റെ പരാമർശം.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അർധരാത്രിയിലാണെങ്കിലും 79 വർഷങ്ങൾക്കിപ്പുറവും രാത്രികൾ സ്ത്രീകൾക്ക് അന്യമായി പോകുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഭയലേശമില്ലാതെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പൊതുയിടങ്ങളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഇപ്പോഴും പൂർണമായി ലഭ്യമായിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ലിംഗഭേദമില്ലാതെ പ്രപഞ്ചത്തിന്റെ എല്ലാ അനുഗ്രഹങ്ങൾക്കും ഓരോ കുഞ്ഞും അവകാശിയാണെങ്കിലും സ്ത്രീകൾക്ക് മാത്രം അത് നിഷേധിക്കപ്പെടുന്ന സാഹചര്യം ഇന്നും നിലനിൽക്കുന്നു. സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുന്നതിനും നിർഭയരായി മുന്നോട്ടുപോകാനുമുള്ള സന്ദേശം നൽകുന്നതിനായാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരത്ത് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു.
ഇത് വെറുമൊരു തുടക്കം മാത്രമാണെന്നും വരും നാളുകളിൽ കൂടുതൽ പരിപാടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ ഒരു സമഗ്ര വനിതാ നയത്തിന് രൂപം നൽകുന്നുണ്ടെന്നും ഇതിന്റെ കരട് തയ്യാറായിക്കഴിഞ്ഞു എന്നും ഓണം കഴിഞ്ഞാലുടൻ ഇതിന്മേൽ ചർച്ചകൾ നടക്കുമെന്നും മന്ത്രി അറിയിച്ചു.


