ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം; ഒടുവിൽ അറസ്റ്റ് ചെയ്ത് നീക്കി

By Web TeamFirst Published Jul 26, 2021, 8:34 AM IST
Highlights

കടൽക്ഷോഭം തടയാനുള്ള നപടികൾ കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.

കൊച്ചി: ചെല്ലാനത്ത് തീരരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. കടൽക്ഷോഭം തടയാനുള്ള നപടികൾ കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. മുക്കാൽ മണിക്കൂറോളം ഉപരോധം നീണ്ടു. പിന്നീട് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കടൽഭിത്തി നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

കാലവർഷം കനത്തതോടെ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷമാണ്. കടൽ കയറി നിരവധി വീടുകൾ തകർന്നു. പ്രതിഷേധം ശക്തമായതോടെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി കടൽഭിത്തി നിർമിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും രണ്ട് മാസമായിട്ടും നിർമ്മാണം തുടങ്ങിയത് പോലുമില്ല. ഇതോടെയാണ് നാട്ടുകാർ ചെല്ലാനം ചാളക്കടവിൽ തീരദേശ പാത ഉപരോധിച്ചത്. 

കടൽഭിത്തിയെന്ന ചെല്ലാനംകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനിടെ ജിയോട്യൂബ് ഉപയോഗിച്ച് കടൽഭിത്തി നിർമിക്കാൻ ശ്രമിച്ചെങ്കിലും പദ്ധതി എവിടെയും എത്തിയില്ല.

പ്രതിഷേധം ഒരു മണിക്കൂർ നീണ്ടതോടെ ഗതാഗത കുരുക്കായി. ഇതോടെ പൊലീസ് ഇടപെട്ട് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സർക്കാരിൽ നിന്ന് പുതിയ ഉറപ്പുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

 

 

click me!