ഓഫീസിന് മുന്നിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം: പ്രതിയായ വില്ലേജ് അസിസ്റ്റൻ്റിനെ കോടതി കുറ്റവിമുക്തനാക്കി

By Web TeamFirst Published Mar 30, 2021, 8:37 PM IST
Highlights

2017 ജൂണ് 21 ന് രാത്രിയിലാണ് കര്‍ഷകനായ കാവില്‍പുരയിടം ജോയ് ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചത്. കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്ത മനോവിഷമത്തിലാണ് ആത്മഹത്യയെന്നായിരുന്നു പൊലീസ് കേസ്. 

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകനായ ജോയ് തൂങ്ങി മരിച്ച സംഭവത്തില്‍ അന്നത്തെ വില്ലേജ് അസിസ്റ്റന്‍റ് ആയ സിലീഷ് തോമസിനെ കോടതി വെറുതെ വിട്ടു. കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതി മൂന്നാണ് വിധി പ്രഖ്യാപിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കിയെന്ന് കോടതി പരാമര്‍ശിച്ചു.

2017 ജൂണ് 21 ന് രാത്രിയിലാണ് കര്‍ഷകനായ കാവില്‍പുരയിടം ജോയ് ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചത്. കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്ത മനോവിഷമത്തിലാണ് ആത്മഹത്യയെന്നായിരുന്നു പൊലീസ് കേസ്. അന്ന് വില്ലേജ് അസിസ്റ്റന്‍റായിരുന്ന സിലീഷ് തോമസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിലാണ് കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതി മൂന്ന് ജഡ്ജി എസ്. നസീറ, സിലീഷിനെ വെറുതെ വിട്ടത്. സത്യസന്ധനായ ഉദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കിയെന്ന് കോടതി പരാമര്‍ശിച്ചു.

ജോയിയുടെ ഭാര്യയുടെ പേരിലുള്ള 80 സെന്‍റ് ഭൂമിയുടെ നികുതി സ്വീകരിച്ചില്ലെന്നായിരുന്നു അന്നുയര്‍ന്ന പരാതി. കേസിൽ അറസ്റ്റിലായതിനെ തുടർന്ന് 24 ദിവസം കൊയിലാണ്ടി സബ് ജയിലില്‍ റിമാന്‍റില്‍ കഴിയേണ്ടി വന്നു സിലീഷിന്. പിന്നീടാണ് ജാമ്യം ലഭിച്ചത്.  ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്‍റെ കടമ നിര്‍വഹിക്കുക മാത്രമാണ് സിലീഷ് ചെയ്തതെന്ന് കോടതി വിധിയില്‍ പറയുന്നു. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന്‍റെ പേരില്‍ ജയിലില്‍ അടച്ചതിനേയും കോടതി വിമര്‍ശിച്ചു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നിരപരാധിത്വം തെളിഞ്ഞതിന്‍റെ സന്തോഷത്തിലാണ് സിലീഷ്.

click me!