
കോഴിക്കോട്: കാലാവധി അവസാനിക്കാനിരിക്കേ പിണറായി വിജയൻ സർക്കാർ താത്കാലിക-കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ പിണറായി സർക്കാരിന് കമൽ മാനദണ്ഡമാണ് അടിസ്ഥാനമെന്ന് ചെന്നിത്തല പറഞ്ഞു. ചലച്ചിത്ര അക്കാദമിയിലെ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അധ്യക്ഷൻ കമൽ സർക്കാരിന് കത്ത് നൽകിയ സംഭവത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞു.
ചെന്നിത്തലയുടെ വാക്കുകൾ -
വകുപ്പ് സെക്രട്ടറിയും നിയമസെക്രട്ടറിയും എതിർത്തിട്ടും അതിനെ മറികടന്നാണ് സർക്കാർ പിൻവാതിൽ നിയമനങ്ങളുമായി മുന്നോട്ട് പോകുന്നത്. ആരോഗ്യവകുപ്പ്, വ്യവസായ വകുപ്പ്, കില, ഹോർട്ടികോർപ്പ് തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളിലും വകുപ്പുകളിലും കരാർ ജീവനക്കാരെ പിൻവാതിൽ വഴി സംസ്ഥാന സർക്കാർ സ്ഥിരപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ചലച്ചിത്ര അക്കാദമി അധ്യക്ഷനായ കമൽ പറഞ്ഞ അതേ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് സർക്കാർ ആളുകളെ സ്ഥിരപ്പെടുത്തുന്നത്. ഇടതുപക്ഷ അനുഭാവികളായവരെ നിലനിർത്തുക - അതാണ് മാനദണ്ഡം.
അവസാന നാളിൽ എടുക്കുന്ന സർക്കാർ തീരുമാനങ്ങൾ പലതും തെരഞ്ഞെടുപ്പ് തട്ടിപ്പാണ്. പിൻവാതിൽ നിയമനം സ്ഥിരപ്പെടുത്തിയത് നിയമ വിരുദ്ധമായ നടപടിയാണ്. പി.എസ്.സി. ലിസ്റ്റ് നീട്ടിയത് കൊണ്ട് ഒരു കാര്യവുമില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ തഴഞ്ഞാണ് പിൻവാതിൽ നിയമനം നടത്തുന്നത്. സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി പിൻവാതിൽ നിയമനം നടത്തുകയാണ് സർക്കാർ. സ്വന്തക്കാരെ സ്ഥിരപ്പെടുത്താനുള്ള പാർട്ടി തീരുമാനമാണ് സർക്കാർ നടപ്പാക്കുന്നത്.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ എല്ലാ അന്വേഷണങ്ങളും നിലച്ചു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ഒത്തുകളിയിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. എങ്ങനെയാണ് ജാമ്യം കിട്ടി ശിവശങ്കർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ശബരിമല വിഷയത്തിൽ സിപിഎം മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണോ എന്നു വ്യക്തമാകണം. ഈ കാര്യത്തിൽ മൗനം വെടിയാൻ പാർട്ടി തയ്യാറാവണം. നിലപാടിൽ മാറ്റമുണ്ടെങ്കിൽ സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകണം. പിണറായി വിജയനെതിരായ വിവാദ പ്രതികരണം കെ.സുധാകരൻ ഒഴിവാക്കേണ്ടതായിരുന്നു. എത്ര കേസെടുത്താലും ഐശ്വര്യ കേരള യാത്രയുമായി ഞങ്ങൾ മുന്നോട്ട് പോകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam