അ​ഗതി മന്ദിരത്തിലെ അന്തേവാസികളിൽ കൊവിഡ് രൂക്ഷം; ആരോ​ഗ്യവകുപ്പിനെതിരെ വിമർശനം

By Web TeamFirst Published Feb 4, 2021, 10:38 AM IST
Highlights

ദിവ്യരക്ഷാലയത്തെ ആരോഗ്യവകുപ്പ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ കേന്ദ്രമായി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്‍റെ ഇടപെടൽ വൈകിയതാണ് രോ​ഗവ്യാപനം വർദ്ധിക്കാൻ കാരണമായതെന്ന് ആക്ഷേപമുണ്ട്.
 

ഇടുക്കി: തൊടുപുഴ പൈങ്കുളത്തെ അഗതി മന്ദിരമായ ദിവ്യരക്ഷാലയത്തിൽ കൊവിഡ് വ്യാപനം രൂക്ഷം. 250 പേരിൽ 196 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദിവ്യരക്ഷാലയത്തെ ആരോഗ്യവകുപ്പ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ കേന്ദ്രമായി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്‍റെ ഇടപെടൽ വൈകിയതാണ് രോ​ഗവ്യാപനം വർദ്ധിക്കാൻ കാരണമായതെന്ന് ആക്ഷേപമുണ്ട്.

സ്ത്രീകളും കുട്ടികളുമടക്കം ആരോരുമില്ലാത്തവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും ആശ്രയമാണ് പൈങ്കുളത്തെ ദിവ്യരക്ഷാലയം. ഇവിടുത്തെ ജീവനക്കാരിലൂടെയാണ് അന്തേവാസികൾക്ക് കൊവിഡ് പകർന്നതെന്നാണ് സംശയം. കൊവിഡ് സ്ഥിരീകരിച്ച ഉടൻ കുട്ടികളെ മാറ്റിപ്പാർപ്പിച്ചു. തുടർന്ന് മുൻകരുതൽ എടുത്തെങ്കിലും അന്തേവാസികൾക്കിടയിൽ രോഗം പകരുന്നത് നിയന്ത്രിക്കാനായില്ല. ആരോഗ്യനില മോശമായ ഏഴ് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർക്ക് ദിവ്യരക്ഷാലയത്തിൽ തന്നെ ചികിത്സ നൽകുന്നു. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകുന്നത്.

അതേ സമയം ഇടപെടാൻ വൈകിയെന്ന ആരോപണം ആരോഗ്യവകുപ്പ് നിഷേധിച്ചു. ദിവ്യരക്ഷാലയത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ കേന്ദ്രമായി പ്രഖ്യാപിച്ച് രണ്ട് ഡോക്ടർമാരടക്കം നാല് ആരോഗ്യപ്രവർത്തകരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. ആരുടേയും നില ഗുരുതമല്ല. രോഗം ബാധിച്ച 20 പേർ നെഗറ്റീവായി. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്രമീകരണങ്ങളെല്ലാം ദിവ്യരക്ഷാലത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
 

click me!