'റാങ്ക് ലിസ്റ്റ് ശീർഷാസനത്തിൽ', എംബി രാജേഷിന്‍റെ ഭാര്യയുടെ കാലടിയിലെ നിയമനം വിവാദത്തിൽ

By Web TeamFirst Published Feb 4, 2021, 11:05 AM IST
Highlights

റാങ്ക് പട്ടിക അട്ടിമറിച്ചെന്ന് സൂചിപ്പിച്ചാണ് അഭിമുഖത്തിൽ പങ്കെടുത്ത വിദഗ്ധസമിതി അംഗം ഉമർ തറമേൽ എഫ്ബി പോസ്റ്റ് ഇട്ടത്. റാങ്ക് ലിസ്റ്റ് ശീർഷാസനം ചെയ്തതായി ഉമർ തറമേൽ. കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസറാണ് ഡോ. ഉമർ തറമേൽ.

കോഴിക്കോട്: കാലടി സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ ഡോ. ഉമർ തറമേൽ. നിനിത നിയമിക്കപ്പെട്ട തസ്തികയിലേക്കുള്ള അഭിമുഖത്തിൽ ഭാഷാവിദഗ്ധനെന്ന നിലയിൽ വിദഗ്ധസമിതി അംഗമായി പങ്കെടുത്തയാളായിരുന്നു ഡോ. ഉമർ തറമേൽ. കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാള- കേരളപഠനവകുപ്പില്‍ പ്രൊഫസറാണ് അദ്ദേഹം. റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും ഇനി മേലാൽ സബ്ജക്ട് എക്സ്പർട്ടായി നിയമനപ്രക്രിയകളിൽ പങ്കെടുക്കാനില്ലെന്നും ഡോ. ഉമർ തറമേൽ ഫേസ്ബുക്ക് പോസ്റ്റിലെഴുതുന്നു. 

ഉമർ തറമേൽ അടക്കം തയ്യാറാക്കി നൽകിയ ലിസ്റ്റിൽ നിർദേശിച്ച ഉദ്യോഗാർത്ഥി നിനിത കണിച്ചേരിയല്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾക്ക് അദ്ദേഹം തയ്യാറല്ല. വിദഗ്ധസമിതിയുടെ എതിർപ്പടക്കം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്ക് പരാതിയും നൽകിയിട്ടുണ്ട്. പിഎസ്‍സി നടത്തിയ എഴുത്തുപരീക്ഷയിൽ 212-ാം റാങ്ക് മാത്രമാണ് നിനിത കണിച്ചേരിക്കുള്ളത്. നിനിതയേക്കാൾ യോഗ്യതയുള്ളവരുണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞ് നിനിതയ്ക്ക് നിയമനം നൽകിയെന്നതാണ് ആരോപണം. 

ഡോ. ഉമർ തറമേലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

''
'സബ്ജെക്ട് എക്സ്പെർട്ട്' പണി നിർത്തി.

ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ധൻ, എന്നാണ്. കോളേജുകളിലോ സർവകലാശാലകളിലോ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട്, തത്‍വിഷയത്തിൽ പ്രവീണ്യമുള്ളവരെ ഉൾപ്പെടുത്തി അഭിമുഖം നടത്തണമെന്നും, ഉദ്യോഗാർഥികളുടെ മികവ് നോക്കി വിദഗ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്തണമെന്നുമാണ്, സർവകലാ /യു ജി സി ചട്ടങ്ങൾ. സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെത്തന്നെയാണ് അരങ്ങേറുക. അതേ സാധുവാകൂ.

അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ  പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽ പോലും നിനയ്ക്കാത്ത മട്ടിൽ,റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽനിന്നും ഇതാദ്യമാണുണ്ടായത്. ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ വെളിച്ചത്തിൽ  ഇനിയും ഇപ്പണിക്ക് ഈയുള്ളവൻ ഇല്ലെന്ന് കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാൽ  അറിയിച്ചുകൊള്ളുന്നു.

എന്ന് വിനീതവിധേയൻ''

click me!