
തിരുവനന്തപുരം: ഭരണകൂടം നടത്തുന്ന മഴക്കെടുതി ദുരന്ത നിവാരണത്തിൽ വിമർശനമുന്നയിച്ച് ചെറിയാൻ ഫിലിപ്പ്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് ചെറിയാൽ ഫിലിപ്പ് കുറ്റപ്പെടുത്തി. ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്ന ശേഷം ക്യാമ്പിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു.
''2018, 2019 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നമ്മൾ പഠിച്ചതാണ്. നെതർലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയും പഠിച്ചു. എന്നാൽ തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ലെന്നും'' ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി. അറബിക്കടലിലെ ന്യൂനമർദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ കൂടുതൽ ദുരന്തമുണ്ടാകുമായിരുന്നു. പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുമ്പോൾ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിൽ ആകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തേയും വരൾച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കണം.വെള്ളം കെട്ടിക്കിടക്കാൻ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കിൽ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളിൽ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്.
മഴവെള്ളം ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാൽ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗർഭ ജലമില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. സ്ഥല- ജല മാനേജ്മെൻറിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ.
ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്. 2018,19 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല. അറബിക്കടലിലെ ന്യൂനമർദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കിൽ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തിൽ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിൽ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാൽ മതി.
പശ്ചിമഘട്ട നിരയിലെ മനുഷ്യൻ്റെ ബലാൽക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കിൽ മഴയോടൊപ്പം ഉരുൾപൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെയും പരിസ്ഥിതിയേയും കൊല്ലുന്നവർ മനുഷ്യക്കുരുതിക്കും വഴി തുറക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam