'വിവാഹമില്ലെങ്കിലും പ്രാദേശികമായി അവിഹിതമാവാം'; സിപിഎമ്മിനെ പരിഹസിച്ച് ചെറിയാന്‍ ഫിലിപ്പ്

By Web TeamFirst Published Apr 9, 2022, 9:29 AM IST
Highlights

കോൺഗ്രസുമായി വിവാഹമില്ലെങ്കിലും പ്രാദേശികമായി അവിഹിതമാവാം എന്നാണ് സിപിഎംന്റെ പുതിയ അടവുനയമെന്ന് ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു. 

തിരുവനന്തപുരം: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ച ഇന്നവസാനിക്കാനിരെക്കെ കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ പരിഹാസവുമായി ചെറിയാന്‍ ഫിലിപ്പ്. കോൺഗ്രസുമായി വിവാഹമില്ലെങ്കിലും പ്രാദേശികമായി അവിഹിതമാവാം എന്നാണ് സിപിഎംന്റെ പുതിയ അടവുനയമെന്ന് ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍റെ പ്രതികരണം. കോൺഗ്രസുമായി ദേശീയ രാഷ്ട്രീയസഖ്യമില്ലെന്ന അടവുനയം തുടരാനാണ് സിപിഎം പാർട്ടി കോൺഗ്രസിലെ തീരുമാനം. കോൺഗ്രസുമായുള്ള അകലം എത്രയാണെന്ന് പ്രമേയത്തിൽ വ്യക്തമാക്കണമെന്ന കേരളത്തിൻറെ നിലപാട് സമ്മേളനത്തില്‍ അംഗീകരിച്ചില്ല. 

ദേശീയതലത്തിൽ വിശാല കൂട്ടായ്മ എന്ന നിർദ്ദേശമാണ് സിപിഎം പാർട്ടി കോൺഗ്രസ് രണ്ടു ദിവസം ചർച്ച ചെയ്തത്. അത്തരമൊരു കൂട്ടായ്മയിൽ കോൺഗ്രസിൻറെ പങ്ക് എന്ത് എന്നതിൽ ചില അവ്യക്തത ബാക്കിയാക്കിയാണ് പാർട്ടി കോൺഗ്രസ് ചർച്ചയും അവസാനിക്കുന്നത്. വിശാല കൂട്ടായ്മയിൽ ചേരാൻ വർഗ്ഗീയതയോട് സന്ധി ചെയ്യുന്ന നയം തിരുത്തണം. എന്നാൽ സമരങ്ങളിൽ കോൺഗ്രസിനൊപ്പം ഉണ്ടാകില്ല എന്ന് സിപിഎം പറയുന്നില്ല. സിപിഎമ്മിന്‍റെ കേരള മോഡൽ  ദേശീയ മാതൃകയല്ലെന്നാണ് സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

ഓരോ സംസ്ഥാനത്തും സാഹചര്യം വ്യത്യസ്തമാണെന്നും ചില കാര്യങ്ങൾക്ക് മാത്രമാണ് കേന്ദ്ര നയങ്ങൾക്ക് ബദലെന്നും മുഹമ്മദ് സലീം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വിശദീകരിച്ചു. ബംഗാളിൽ  കോൺഗ്രസുമായി ഉണ്ടാക്കിയത് താത്കാലിക കൂട്ടുകെട്ട് മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. എന്നാലത് താൽക്കാലികം മാത്രമാണ്. പാർട്ടി കോൺഗ്രസ് തീരുമാനമനുസരിച്ച് ഇനി തീരുമാനമെടുക്കും- സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം വ്യക്തമാക്കി. 

click me!