
ആലപ്പുഴ: ചേർത്തലയിൽ ഭർത്താവ് കൊലപ്പെടുത്തിയ നവവധു ഹെന നേരിട്ടത് ക്രൂരമായി പീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹെനയുടെ ശരീരത്തിൽ 16 മുറിവുകൾ ഉള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പല മുറിവുകൾക്കും ദിവസങ്ങൾ പഴക്കമുണ്ട്. തലക്കുള്ളിൽ 14 മുറിവുകളുണ്ട്. മരണദിവസം കഴുത്തിന് കുത്തിപ്പിടിച്ച് ഭർത്താവ് അപ്പുക്കുട്ടൻ തല ഭിത്തിയിലിടിപ്പിച്ചു. ആശുപതിയിൽ എത്തിക്കുമ്പോഴേക്കും ഹെന മരിച്ചു. ഈ സമയം ഭർത്താവിന്റെ ബന്ധുവും ഭാര്യയും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബൈപോളർ ഡിസ്ഓർഡർ രോഗിയായിരുന്നു ഹെന. ഇതറിഞ്ഞു കൊണ്ടാണ് ഹെനയെ അപ്പുക്കുട്ടൻ വിവാഹം ചെയ്തത്. വിവാഹ സമയത്ത് 75 പവൻ നൽകിയിരുന്നു. രണ്ടാഴ്ച മുമ്പ് 7 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട അപ്പുക്കുട്ടൻ കിട്ടാതെ വന്നതോടെ ഭാര്യയെ നിരന്തരം മർദ്ദിക്കുകയായിരുന്നു.
6 മാസം മുമ്പ് വിവാഹിതയായ ഹെനയെ, കഴിഞ്ഞ മാസം 26ന് ആണ് കാളികുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നായിരുന്നു ഭര്‍തൃവീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്‍മോർട്ടം നടത്തിയ ഡോക്ടർ കൊലപാതകമെന്ന സംശയം ഉന്നയിച്ചു. തുടർന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അപ്പുക്കുട്ടൻ മൊഴി നൽകി. കുടുംബ പ്രശ്ങ്ങളാണ് കാരണമെന്നും പൊലീസിനോട് പറഞ്ഞു. ഇതേതുടർന്നാണ് അപ്പുക്കുട്ടനെ അറസ്റ്റ് ചെയ്തത്.