കോഴിക്കോട് വീട്ടമ്മയെ പീഡിപ്പിച്ച വൈദികന്‍ ഒളിവില്‍; രഹസ്യമൊഴി നല്‍കി വീട്ടമ്മ

By Web TeamFirst Published Dec 6, 2019, 5:47 PM IST
Highlights

ചേവായൂര്‍ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി.

കോഴിക്കോട്: ചേവായൂരില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികന്‍ ഫാ. മനോജ് പ്ലാക്കൂട്ടം ഒളിവില്‍. ഇയാള്‍ക്കായി അന്വേഷണം നടത്തി വരുന്നതായി ചേവായൂര്‍ പൊലീസ് അറിയിച്ചു. പീഡനത്തെക്കുറിച്ച് രൂപത നേതൃത്വത്തിന് രണ്ടുവട്ടം പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്ന് വീട്ടമ്മ പറഞ്ഞു. പരാതി ഉന്നയിച്ച സാഹചര്യത്തില്‍ ബിഷപ്പ് അടക്കമുളളവരുടെ മൊഴി എടുക്കാനും സാധ്യതയുണ്ട്.

ചേവായൂര്‍ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ ബലാത്സംഗം ചെയ്തെന്നാണ്  45 കാരിയായ വീട്ടമ്മയുടെ പരാതി. ബുധനാഴ്ചയാണ് ചേവായൂര്‍ പൊലീസിന് വീട്ടമ്മ പരാതി നല്‍കിയതും പൊലീസ് കേസ് എടുത്തതും. ഇതിന് മൂന്നാഴ്ച മുമ്പ് തന്നെ ഇയാളെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിയിരുന്നുവെന്ന് രൂപത നേതൃത്വം പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം 20 വരെ ഫാ.മനോജ് പ്ളാക്കൂട്ടം തിരൂരില്‍ വികാരിയുടെ ചുമതലയിലുണ്ടായിരുന്നുവെന്നാണ് ഇടവക അംഗങ്ങള്‍ പറയുന്നത്. തന്‍റെ പരാതിയില്‍ രൂപത ശരിയായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. ഇവര്‍ രണ്ടുവട്ടം താമരശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയിലിനെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. രണ്ട് വട്ടം പരാതി കിട്ടിയിരുന്നതായി രൂപത നേതൃത്വം സമ്മതിക്കുന്നുമുണ്ട്. 

വീട്ടമ്മയെ വൈദികൻ പീഡ‍ിപ്പിച്ചെന്ന പരാതി: നിലപാടറിയിച്ച് താമരശേരി രൂപത

2017ലായിരുന്നു ആദ്യ പരാതി കിട്ടിയത്. ഇതിനെത്തുടര്‍ന്ന് ഫാ. മനോജിനെ ചേവായൂര്‍ പളളി വികാരി സ്ഥാനത്തുനിന്ന് നീക്കി. കഴിഞ്ഞ മാസം ഇവര്‍ വീണ്ടും പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് എല്ലാ ഔദ്യോഗിക ചുമതലകളില്‍ നിന്നും വൈദീകനെ നീക്കിയത്. തിരുവനന്തപുരത്ത് ഉപരിപഠനത്തിനായി പോയ ഫാ. മനോജ് ഇപ്പോള്‍ എവിടെയാണുളളതെന്ന് അറിയില്ലെന്നും രൂപത അറിയിച്ചു. ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫാണ്. ഇയാള്‍ക്കായി അന്വേഷണം നടക്കുന്നു എന്ന് പറയുന്ന ചേവായൂര്‍ പൊലീസാകട്ടെ അന്വേഷണ പുരോഗതി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ തയ്യാറായിട്ടുമില്ല. അതിനിടെ വൈദീകനെതിരെ പരാതി നല്‍കിയ വീട്ടമ്മ സംഭവത്തെക്കുറിച്ച് മജിസ്ട്രേട്ടിന് മുമ്പാകെ രഹസ്യമൊഴി നല്‍കി.

click me!