ചേവായൂരിലെ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ വൈദികന് മുന്‍കൂര്‍ ജാമ്യം

By Web TeamFirst Published Feb 28, 2020, 2:44 PM IST
Highlights

ഡിസംബർ നാലിനാണു വീട്ടമ്മ ചേവായൂർ പോലീസിൽ പരാതി നൽകിയത്. സഭയുടെയും താമരശ്ശേരി രൂപത ബിഷപിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് പരാതി നൽകാൻ വൈകിയതെന്നാണ് വീട്ടമ്മയുടെ മൊഴി

കൊച്ചി: കോഴിക്കോട് ചേവായൂരിൽ വീട്ടമ്മയെ ബലാത്‌സംഗം ചെയ്ത കേസിൽ  പ്രതിയായ  വൈദികന് ഹൈക്കോടതി ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ചു. ഫാദർ മനോജ്‌ പ്ലാക്കൂട്ടത്തിനാണ് ജാമ്യം അനുവദിച്ചത്. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ജാമ്യം എടുക്കണം. വിദേശ മലയാളിയായ വീട്ടമ്മയെ 2017 ജൂൺ 15ന് കോഴിക്കോട്ടെ വീട്ടിൽ വെച്ച് വൈദികൻ ബലാത്‌സംഗം ചെയ്‌തെന്നാണ് പരാതി.

ഡിസംബർ നാലിനാണു വീട്ടമ്മ ചേവായൂർ പോലീസിൽ പരാതി നൽകിയത്. സഭയുടെയും താമരശ്ശേരി രൂപത ബിഷപിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് പരാതി നൽകാൻ വൈകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചെന്ന് ആരോപിച്ച് ഈയിടെ ഇവര്‍ രംഗത്തെത്തിയിരുന്നു. പ്രതിയായ വൈദികനെ രക്ഷിച്ചെടുക്കാനാണ് ശ്രമം നടക്കുന്നതെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞിരുന്നു. പരാതി ഒതുക്കിത്തീർക്കാൻ താമരശേരി രൂപതാ ബിഷപ്പ് ശ്രമിച്ചെന്ന് മൊഴി നൽകിയതോടെയാണ് പൊലീസ് ഒത്തുകളി തുടങ്ങിയതെന്നാണ് വിദേശ മലയാളിയായ വീട്ടമ്മയുടെ ആരോപണം . 

സിറോ മലബാ‍ര്‍ സഭാ വൈദികനായ മനോജ് പ്ലാക്കൂട്ടത്തിൽ  കോഴിക്കോട്ടെ വീട്ടിലെത്തി ബലാൽസംഗം ചെയ്തെന്നായിരുന്നു ഇക്കഴിഞ്ഞ ഡിസംബ‍ര്‍  4ന് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂർ പൊലീസിൽ നൽകിയ പരാതി.  2017 ജൂൺ 15 ന് നടന്ന സംഭവം സഭയുടെയും ബിഷപ്പിന്‍റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പുറത്തുപറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നൽകിയിരുന്നു. 

"സഭ ചതിച്ചു അടുത്തത് പൊലീസുകാരാണ്. ഇരയായ ഒരാളോട് പെരുമാറുന്നത് പോലെയല്ലല്ലോ എന്നോട് പെരുമാറിയത്. എനിക്ക് ഇര എന്ന് പറയാനും ഇഷ‍്ടമില്ല. പ്രശ്നങ്ങളിൽ നിന്ന് തിരിച്ചു വന്ന വ്യക്തിയാണ്. ഞാൻ രണ്ടര വർഷം കരഞ്ഞ വ്യക്തിയാണ്. ഇനി ഞാൻ ജീവിക്കാനാഗ്രഹിക്കുന്നു. ഒരു കാരണവശാലും ബിഷപ്പിനെതിരെ മൊഴി നൽകാൻ പാടില്ല. 164 കൊടുക്കാൻ പാടില്ല. കോടതി വളപ്പിലും 164 കൊടുക്കുന്നത് തടയാൻ വൈദികരുണ്ടായിരുന്നു. സ്റ്റേഷൻ വരാന്തയിൽ വച്ച് മറ്റ് പ്രതികളുടെ മുന്നിൽ ഇരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്" - ഇതാണ് വീട്ടമ്മയുടെ പ്രതികരണം.

സഭക്കും പൊലീസിനും എതിരെ ഗുരുതരമായ ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് വീട്ടമ്മയും ബന്ധുക്കളും ആരോപിക്കുന്നത്. ബിഷപ്പിനെതിരെ മൊഴി നൽകിയതോടെയാണ് കേസ് അട്ടിമറിക്കാൻ പൊലീസ് ബോധപൂര്‍വ്വം ഇടപെടൽ നടത്തിയത്. ഇരയെന്ന നിലയിലല്ല സ്ത്രീയെന്ന നിലയിലും പരാതിക്കാരിയെന്ന നിലയിലും കിട്ടേണ്ട അവകാശങ്ങളോ പരിഗണനയോ നീതിയോ കിട്ടിയിട്ടില്ലെന്നാണ് വീട്ടമ്മയുടെ തുറന്ന് പറച്ചിൽ.

click me!