
ആലുവ: കൊച്ചിയിൽ കോഴിയിറച്ചി മാലിന്യവുമായി പോയ വാഹനത്തിൽ നിന്നും അവശിഷ്ടങ്ങൾ കിലോമീറ്ററോളം റോഡിലേക്ക് വീണു. ദേശീയപാതയിലൂടെ കോഴിയിറച്ചി അവശിഷ്ടവുമായി പോയ വാഹനത്തിന്റെ പുറകിലെ ഡോർ തുറന്നു പോയതിനെ തുടർന്നാണ് നടുറോഡിലേക്ക് മാലിന്യം വീണത്.
ആലുവ മാതാ തീയേറ്റർ മുതലാണ് വാഹനത്തിൽ നിന്നും മാലിന്യങ്ങൾ പുറത്തേക്ക് വീഴുന്നത് ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ നാട്ടുകാർ വാഹനത്തെ പിന്തുടർന്നു. കമ്പനിപ്പടിയിൽ നിന്നും ഇടറോഡ് വഴി വാഹനം കടന്നപ്പോൾ നാട്ടുകാർ തടഞ്ഞു. നാട്ടുകാർ വാഹനം തടഞ്ഞപ്പോഴാണ് ലോറിയിലുണ്ടായിരുന്നവർ സംഭവം അറിഞ്ഞത്.
എടയാറിലേക്ക് മാലിന്യം കൊണ്ടു പോകും വഴിയാണ് ഇത് റോഡിൽ പരന്നത്. അടച്ചുറപ്പുള്ള രീതിയിൽ സുരക്ഷിതമായി കൊണ്ടുപോകേണ്ട മാലിന്യങ്ങൾ അലക്ഷ്യമായി കൊണ്ടു പോയതിൽ ലോറിക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സ്ഥലം കൗൺസിലർ പ്രശ്നത്തിൽ ഇടപെട്ടു. നാട്ടുകാർ പൊലീസിൽ പരാതി നൽകി.