
തിരുവനന്തപുരം : കേരള സന്ദർശന വേളയിൽ സുരക്ഷാ ചുമതലകൾക്കായി പഴയ ഗൺമാനെ കൂടെക്കൂട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. 2002-ൽ ഗ്യാനേഷ് കുമാർ എറണാകുളം ജില്ലാ കളക്ടറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഗൺമാനായിരുന്നു സാബു വർഗ്ഗീസിനെയാണ് സുരക്ഷാ ചുമതലകൾക്കായി ആവശ്യപ്പെട്ടത്.
വർഷങ്ങൾക്ക് ശേഷം ഉന്നത പദവിയിൽ കേരളത്തിലെത്തിയപ്പോഴും സാബുവിനെ തന്നെ കൂടെ വേണമെന്ന് അദ്ദേഹം ഡി.ജി.പിയോട് നിർദ്ദേശിക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിൽ എത്തിയതായിരുന്നു അദ്ദേഹം.
2002-ൽ അവധിയിലായിരുന്ന ഗൺമാന് പകരക്കാരനായാണ് സാബു വർഗ്ഗീസ് കളക്ടറുടെ സുരക്ഷാ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നത്. അവധിയിലായിരുന്ന ഗൺമാൻ തിരികെ എത്തിയിട്ടും തന്നോട് അവിടെ തുടരാൻ പറയുകയായിരുന്നു എന്ന് സാബു ഓർത്തുപറയുന്നു .
തുടർന്ന് 2004 വരെ സാബു ഗ്യാനേഷ് കുമാറിനൊപ്പം സേവനമനുഷ്ഠിച്ചു. നിലവിൽ വിമാനത്താവളത്തിൽ ലെയ്‌സൺ ഓഫീസറായി ജോലി ചെയ്യുന്ന സാബു വർഷങ്ങൾക്ക് ശേഷം ഗ്യാനേഷ് കുമാറിന്റെ സുരക്ഷാ ചുമതല വഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. സന്ദർശന വേളയിൽ സാബു തനിക്ക് സഹോദരനെ പോലെയാണെന്ന് അദ്ദേഹം മറ്റു ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നിയെന്നും സാബു പറയുന്നു.
മടക്കയാത്രയിൽ വിമാനത്താവളത്തിൽ വച്ച് ഗ്യാനേഷ് കുമാറിന്റെ പഴയ കുടുംബചിത്രം സമ്മാനിച്ചു കൊണ്ടാണ് സാബു അദ്ദേഹത്തെ യാത്രയാക്കിയത്. അടുത്ത തവണ വരുമ്പോൾ കൊച്ചുമക്കളെയും കൂടെക്കൂട്ടാമെന്ന് ഉറപ്പുനൽകിയ കമ്മീഷണർ, സാബുവിനെ കുടുംബസമേതം ഡൽഹിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam