സംസ്ഥാനത്ത് വാരിക്കോരി മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ; സ്ത്രീകൾക്കും യുവാക്കൾക്കും മാസം 1000, ക്ഷേമപെൻഷൻ 2000 ആക്കി

Published : Oct 29, 2025, 05:16 PM ISTUpdated : Oct 29, 2025, 07:03 PM IST
pinarayi vijayan

Synopsis

ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നൽകും. 

തിരുവനന്തപുരം: സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നൽകുമെന്നും യുവാക്കൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കാണ് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുക. ക്ഷേമ പെൻഷൻ 400 രൂപ വ‍‍ർധിപ്പിച്ച് 2000 ആക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വാരിക്കോരിയുള്ള പ്രഖ്യാപനം.

കുടുംബ എഡിഎസുകൾക്കുള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി. സ‍ർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡിഎ കൂട്ടി. പെൻഷൻകാർക്കും ആശ്വാസമുള്ളതാണ് പ്രഖ്യാപനം. നവംബർ മാസം തന്നെ ഇത് വിതരണം ചെയ്യും. അംഗനവാടി വർക്കർ, ഹെല്പർ എന്നിവ‍ർക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി. സാക്ഷരതാ പ്രേരക് മാരുടെ ഓണറേറിയവും ആശമാർക്ക് 1000 രൂപ കൂട്ടി പ്രതി മാസ ഓണറേറിയം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആയമാരുടെ പ്രതിമാസ വേതനം ആയിരം രൂപ കൂട്ടിയതായും നെല്ലിന്റ സംഭരണ വില 30 രൂപ ആക്കി വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 

പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:

സ്ത്രീ സുരക്ഷാ പദ്ധതി

സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കുന്നു. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ഉറപ്പാക്കും. 35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000/ രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുക.

യുവതലമുറക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ്

വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപെന്റ് / സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആരംഭിക്കും. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകും. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.

കുടുംബശ്രീ എ.ഡി.എസുകൾക്കുള്ള പ്രവർത്തന ഗ്രാൻ്റ്

1997ൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയുടെ പശ്ചാത്തലത്തിൽ കേവല ദാരിദ്ര്യനിർമാർജനത്തിനായി കേരള സർക്കാർ രൂപം നൽകിയ 'കുടുംബത്തിൻറെ ഐശ്വര്യം' എന്ന് അർത്ഥം വരുന്ന കുടുംബശ്രീ പദ്ധതി ഇന്ന് കേരള സംസ്ഥാനത്താകമാനം വ്യാപിച്ചു കിടക്കുന്ന വനിതകളുടെ ഒരു കമ്മ്യൂണിറ്റി ശൃംഖലയായി വളർന്നിരിക്കുകയാണ്. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെയുള്ള ത്രിതല സംഘടനാ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന കുടുംബശ്രീ ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണ്. അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ഇതിൻ്റെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടങ്ങൾ. പ്രാദേശിക തലത്തിൽ 10 മുതൽ 20 വനിതകളെ ഉൾപ്പെടുത്തിയാണ് അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നത്. ഒരു തദ്ദേശഭരണ പ്രദേശത്തെ ഓരോ വാർഡിലേയും അഫിലിയേഷൻ നേടിയിട്ടുള്ള അയൽക്കൂട്ടങ്ങളുടെ സംയോജിത രൂപമാണ് എ.ഡി.എസ്. കേരളത്തിലെ എല്ലാ വാർഡിലും പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എ.ഡി.എസ്സുകൾക്ക് എ.ഡി.എസ് (ഏരിയ ഡെവലപ്മെൻറ് സൊസൈറ്റി)കൾക്കുള്ള പ്രവർത്തന ഗ്രാൻറ് ആയി പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിക്കുകയാണ്. പ്രതിവർഷം 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.

സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങ് എന്ന നിലക്കാണ് സർക്കാർ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്. സാമൂഹ്യ സുരക്ഷ പെൻഷനുകൾ/ക്ഷേമനിധി ബോർഡ് പെൻഷനുകൾ/സർക്കസ്-അവശ കലാകാര പെൻഷനുകൾ എന്നിവ നിലവിൽ പ്രതിമാസം 1,600 രൂപയാണ്. ഈ തുക മുടക്കം കൂടാതെ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെ പ്രയാസകരമായ ദൗത്യമാണ്, അത് മുടങ്ങാതെ നിറവേറ്റാൻ അതീവശ്രദ്ധയും ജാഗ്രതയുമാണ് സർക്കാർ പുലർത്തിയത്. ഒരു ഗഡുപോലും അനിശ്ചിതമായി കുടിശിക ആകാതിരിക്കാൻ ശ്രദ്ധിച്ചു. ഏത് പ്രതിസന്ധിവന്നാലും പെൻഷൻ തുക നൽകുമെന്ന് ദൃഢനിശ്ചയം എടുത്തു. ഇപ്പോൾ സർക്കാർ നിലവിലെ പ്രതിമാസ പെൻഷൻ 400 രൂപ കൂടി ഉയർത്തി പ്രതിമാസം 2,000 രൂപയായി വർദ്ധിപ്പിച്ചതായി പ്രഖ്യാപിക്കുകയാണ്. പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് ഈ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെക്കുന്നത്.

സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർക്കുള്ള ഡി.എ/ ഡി.ആർ

സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡി.എ - ഡിആർ കുടിശ്ശിക ഈ സാമ്പത്തിക വർഷത്തിൽ 2 ഗഡു നൽകിയിട്ടുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്കരണത്തിൻറെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ ഒരു ഗഡു ഡി.എ - ഡിആർ കൂടി അനുവദിക്കുന്നതായി പ്രഖ്യാപിക്കുകയാണ്. മുൻ ഗഡുക്കളിൽ 2%, 3% ആണ് അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 4% ആയി നവംബർ മാസത്തില്‍ വിതരണം ചെയ്യുന്ന ശമ്പളം/പെന്ഷനോടൊപ്പം നൽകും.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ ഒന്നും രണ്ടും ഗഡുക്കൾ ഈ വർഷം നൽകിയിട്ടുണ്ട്. മൂന്നും നാലും ഗഡുക്കൾ ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. 2026 ഏപ്രിൽ 1 നു ശേഷം ഈ കുടിശ്ശിക തുക പി.എഫിൽ ലയിപ്പിക്കുന്നതാണ്. പി.എഫ് ഇല്ലാത്തവർക്ക് പണമായി 2026 ഏപ്രിൽ 1 ന് ശേഷം നൽകും.

അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം

അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നു. 66,240 പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. ഈ ഇനത്തിലെ പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് 2024ൽ ഓണറേറിയം വർദ്ധിപ്പിച്ചിരുന്നു. സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) ഓണറേറിയം.

സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. ഈ ഇനത്തിലെ പ്രതിവർഷം 5.5 കോടി രൂപയാണ് അധികമായിചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.

ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം

ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. 26,125 പേർക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിലെ പ്രതിവർഷം 250 കോടി രൂപയാണ് ചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.

പാചകത്തൊഴിലാളികളുടെ ഓണറേറിയം

സംസ്ഥാനത്ത് ആകെ 13,327 പാചക തൊഴിലാളികളാണ് ഉള്ളത് . ഇവരുടെ പ്രതിദിന കൂലി വർദ്ധിപ്പിക്കും 1100 രൂപയുടെ വർദ്ധനയാണ് പ്രതിമാസം ഉണ്ടാകുക. പ്രഖ്യാപിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 16 കോടി രൂപയാണ് അധികമായി ചെലവ് വരുക.

പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും വേതനം

പ്രീ പ്രൈമറി റ്റീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000/ രൂപ വർദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 5.72 കോടി രൂപയാണ് അധികമായി ചെലവ് വരുക.

ഗസ്റ്റ് ലക്ച്ചറർമാരുടെ വേതനം

ഗസ്റ്റ് ലക്ച്ചറർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 / രൂപ വർദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 2.07 കോടി രൂപയാണ് ചെലവ് വരുക.

റബ്ബർ സബ്സിഡി

റബ്ബർ ഉൽപാദന ഇൻസെൻറീവ് പദ്ധതി പ്രകാരം റബ്ബർ കർഷകർക്ക് നൽകി വരുന്ന റബ്ബറിൻ്റെ താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തും.

ഈ പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇത് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിരമായി നടപടികൾ സ്വീകരിക്കും.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ
പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം