
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ ശുപാർശയിൽ നടപടിയെടുക്കാതെ മുഖ്യമന്ത്രി. ഡിജിപി ശുപാർശ നൽകി അഞ്ചു ദിവസം കഴിഞ്ഞിട്ടും ഇതുവരെ നടപടി സ്വീകരിച്ചില്ല. എഡിജിപിക്കെതിരായ അൻവറിന്‍റെ ആരോപണങ്ങളിൽ ഡിജിപി ഈ ആഴ്ച ഇടക്കാല റിപ്പോർട്ട് നൽകും. പി.വി.അൻവർ നൽകിയ മൊഴിയിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ സാമ്പത്തിക ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
ബന്ധുക്കള്‍ മുഖേന സ്വത്ത് സമ്പാദനം, കേസ് അട്ടിമറിക്കാൻ പണം വാങ്ങൽ തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. സാമ്പത്തിക ആരോപണത്തിലെ അഞ്ചു കാര്യങ്ങള്‍ വിജിലൻസ് അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ ശുപാർശ. തന്‍റെ കീഴിലുളള പ്രത്യേക സംഘത്തിന് സാമ്പത്തിക ആരോപണങ്ങള്‍ അന്വേഷിക്കാനാവില്ലെന്ന നിലപാടെടുത്തോടെ എഡിജിപിയെ സംരക്ഷിക്കുന്ന സർക്കാരാണ് വെട്ടിലായത്.
എഡിജിപിയുടെ ബന്ധുക്കളുടെ സാമ്പത്തിക സ്ത്രോതസുകള്‍ അന്വേഷിക്കാൻ മൂന്നു മാസത്തിലധികം വിജിലൻസിന് വേണ്ടിവരും. അൻവർ ഉയർത്തിയ ആരോപണങ്ങളിൽ ഡിജിപി കുറ്റവിമുക്തനാക്കിയാലും സാമ്പത്തിക ആരോപണങ്ങളിൽ നിന്നും എഡിജിപിക്ക് മോചനം നേടാൻ വീണ്ടും സമയമെടുക്കും. അജിത്തിനെ വീണ്ടും ഒരു അന്വേഷണത്തിലേക്ക് കുരുക്കാൻ തൽപര്യമില്ലാത്ത സർക്കാർ വിജിലൻസ് അന്വേഷണ ശുപാർശയിൽ തീരുമാനമെടുക്കാതെ നീട്ടുകയാണ്.
പ്രാഥമിക അന്വേഷണം കഴിഞ്ഞാലും വിജിലൻസ് അന്വേഷണം അതിവേഗത്തിൽ പൂർത്തിയാകില്ല. ഭരണ കക്ഷി എംഎൽഎയും ഒരു എസ്പിയും ആരോപണം ഉയർത്തിയിട്ടും എഡിജിപിയെ സംരക്ഷിച്ച സർക്കാർ ഒരു മാസത്തിനുള്ളിൽ പരാതികളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കനാണ് ഡിജിപിയോട് ആവശ്യപ്പെട്ടത്. ഈ ആഴ്ച തന്നെ ഡിജിപി സർക്കാരിലേക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത്.
നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വൻ അപകടം; മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam