ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്: മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയായില്ല

Published : Apr 11, 2023, 06:51 AM IST
ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്: മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയായില്ല

Synopsis

ക്വാറികൾ അനുവദിക്കാൻ പാടില്ലെന്ന നിബന്ധനയും സിപിഐ മുന്നോട്ട് വച്ചിട്ടുണ്ട്. നിയമങ്ങൾക്ക് വിധേയമായി ക്വാറികൾ അനുവദിക്കണമെന്നാണ് എൽഡിഎഫ് നേതാക്കളും ആവശ്യപ്പെടുന്നത്

ഇടുക്കി: സംസ്ഥാനത്തെ ഭൂപതിവ് ചട്ടം ഉടൻ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി മൂന്നു മാസം കഴിഞ്ഞിട്ടും നടപടി എങ്ങുമെത്തിയില്ല. കരട് ബില്ലിൽ ഇനിയും മാറ്റങ്ങൾ വേണമെന്ന റവന്യൂ മന്ത്രിയുടെ നിലപാടാണ് ഭേദഗതി നീളാൻ കാരണം. 1964 ലെയും 93 ലെയും ഭൂ പതിവ് ചട്ടങ്ങളുടെ ഭേദഗതി പരമാവധി വേഗത്തിൽ നടപ്പാക്കാനാണ് ജനുവരി പത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനമായത്. 

ഇതിനായി കരട് ബില്ല് തയ്യാറാക്കി. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്ന വാഗ്ദാനം പാഴ് വാക്കായി. തുടർന്ന് ഓ‍ർഡിനൻസ് ഇറക്കാൻ തീരുമാനിച്ചു. 1500 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ ഫീസ് വാങ്ങി ക്രവത്ക്കരിക്കാനാണ് ആദ്യം തീരുമാനിച്ചത്. എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്ത് ഫീസ് ഒഴിവാക്കി. എന്നാൽ ചട്ടം ലംഘിച്ച് നിർമ്മിച്ച 20,000 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന നിലപാടിൽ റവന്യൂ മന്ത്രി ഉറച്ചു നിന്നു. ഇതോടെ നടപടികൾ വഴിമുട്ടി. 

ക്വാറികൾ അനുവദിക്കാൻ പാടില്ലെന്ന നിബന്ധനയും സിപിഐ മുന്നോട്ട് വച്ചിട്ടുണ്ട്. നിയമങ്ങൾക്ക് വിധേയമായി ക്വാറികൾ അനുവദിക്കണമെന്നാണ് എൽഡിഎഫ് നേതാക്കളും ആവശ്യപ്പെടുന്നത്. റവന്യൂ മന്ത്രിയുടെ ഇടപെടലാണ് ബില്ല് വൈകാൻ കാരണമെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. ഓർഡിനൻസ് ഇറക്കാൻ യുഡിഎഫ് തടസ്സം നിൽക്കുന്നുവെന്നാരോപിച്ച് എൽഡിഎഫ് ഇടുക്കിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ മുഖ്യമന്ത്രി ഉറപ്പു നൽകി എന്ന കാരണം പറഞ്ഞ് ഉപേക്ഷിച്ചിരുന്നു.

സിപിഐ ഇടുക്കി ജില്ല കമ്മറ്റിയിൽ ഭൂരിഭാഗം പേരും ഇസ്മയിൽ പക്ഷത്തായതിനാൽ കാനം രാജേന്ദ്രനും ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ല. ഫലത്തിൽ ഭൂപതിവ് ചട്ടം ഭേദഗതിയും നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കലും യാഥാർത്ഥ്യമാകാൻ ഇടുക്കിക്കാർ എത്ര കാലം കാത്തിരിക്കണമെന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ സർക്കാരിനുമാകുന്നില്ല.
 

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം