പെരുന്നാൾ ആഘോഷം ജാഗ്രതയോടെ വേണം; പള്ളികളില്‍ നമസ്കാരം ആകാം, ആളെണ്ണം പരമാവധി കുറയ്ക്കണം: മുഖ്യമന്ത്രി

By Web TeamFirst Published Jul 30, 2020, 6:37 PM IST
Highlights

ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നമസ്കാരം വേണ്ടെന്ന് വച്ച പള്ളിക്കമ്മിറ്റികൾക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു.

തിരുവനന്തപുരം: ബലിപെരുന്നാൾ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും മനുഷ്യ സ്നേഹത്തിന്‍റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നത്. ഈ മഹത്തായ സന്ദേശം ജീവിതത്തിൽ പുതുക്കുന്നതിന് അവസരമാകട്ടെ എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ഈദ് ആഘോഷം. പതിവ് ആഘോഷത്തിന് സാഹചര്യമില്ല. വളരെ കുറച്ച് തീർത്ഥാടകരാണ് ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. പള്ളികളിൽ പെരുന്നാൾ നമസ്കാരം അനുവദിച്ചിട്ടുണ്ട്. ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും എല്ലാവരും അത് പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നമസ്കാരം വേണ്ടെന്ന് വച്ച പള്ളിക്കമ്മിറ്റികൾക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു. ബലിപെരുന്നാൾ ആഘോഷങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചേ നടത്തൂ എന്ന് മുസ്ലീം മതനേതാക്കൾ ഉറപ്പ് നൽകിയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

പള്ളികളിൽ നമസ്കാരത്തിന് സൗകര്യം ഏർപ്പെടുത്തും. പൊതുസ്ഥലങ്ങളിൽ ഈദ്​ഗാഹുകൾ ഉണ്ടായിരിക്കില്ല. പരമാവധി 100 പേർ, ബലികർമ്മവുമായി ബന്ധപ്പെട്ട് ഇടപെടുന്ന ആളുകൾക്ക് കൊവിഡ് പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ റമദാൻ സമയത്തും ഉയർത്തിപ്പിടിച്ച നന്മയുടെ സന്ദേശം ബലിപെരുന്നാൾ സമയത്തും കാണിക്കുന്നത് മാതൃകാപരമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

click me!