യുഡിഎഫിന്‍റെ ജീവനാഡി അറ്റു, ജോസുമായി എംപി സീറ്റ് ചര്‍ച്ച പിന്നീട്; കാപ്പൻ പോകില്ലെന്നും മുഖ്യമന്ത്രി

By Web TeamFirst Published Oct 15, 2020, 7:29 PM IST
Highlights

പാലായില്‍ ഉടക്കി മാണി സി കാപ്പന്‍ യുഡിഎഫിലെത്തുമെന്നത് വെറും സ്വപ്നങ്ങളാണ്. അതിനെന്ത് മറുപടി പറയാനാണെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തിയതോടെ യുഡിഎഫ് എന്ന മുന്നണിയുടെ ജീവനാഡി അറ്റ് പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിനെ വലിയ തകര്‍ച്ചയാണ് കാത്തിരിക്കുന്നത്. അത് മറച്ച് വച്ച് ഞങ്ങള്‍ക്ക് ഒന്നും പറ്റിയില്ല, കേമന്മാരാണെന്നാണ് അവര്‍ പറയുന്നതെന്ന് പിണറായി പരിഹസിച്ചു.

യുഡിഎഫിനെയും അവരുടെ നയങ്ങളെയും ജനം തിരസ്കരിക്കും. ഒരു കക്ഷി തന്നെ അവരെ തള്ളിപ്പറഞ്ഞ് എല്‍ഡിഎഫിനോടൊപ്പം സഹകരിക്കുന്ന സ്ഥിതിയിലെത്തി. അത് യുഡിഎഫിന് ഏല്‍പ്പിക്കുന്ന ക്ഷതം ചെറുതല്ല. ഈ രാഷ്ട്രീയ മാറ്റം എല്‍ഡിഎഫിന് കരുത്ത് പകരുന്ന സാഹചര്യമാണ്. ഇതുവരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എതിരായി ഒന്നും ചെയ്തില്ല, എല്ലാം അനുകൂലമായാണ് ചെയ്തത്. പക്ഷെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വക്രീകരിക്കാന്‍ ശ്രമിച്ചു. പക്ഷേ അതൊന്നും ഏറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലായില്‍ ഉടക്കി മാണി സി കാപ്പന്‍ യുഡിഎഫിലെത്തുമെന്നത് വെറും സ്വപ്നങ്ങളാണ്. അതിനെന്ത് മറുപടി പറയാനാണ്. വിഷയത്തില്‍ മാണി സി കാപ്പന്‍ തന്നെ എല്‍ഡിഎഫിനൊപ്പമെന്ന് വ്യക്തമാക്കിയതാണ്. കാപ്പനുമായി ചര്‍ച്ച നടത്തിയെന്ന യുഡിഎഫ് കണ്‍വീനര്‍ ഹസ്സന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് തന്നെ രംഗത്ത് വന്നു. സീറ്റ് വിഭജനകാര്യമൊന്നും ഇപ്പോള്‍  ചെയ്യേണ്ട കാര്യമില്ല, അത് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തിലാവാം.

രാജ്യസഭാ സീറ്റും അത്തരം കാര്യങ്ങളും പിന്നീട് തീരുമാനിക്കും. ജോസ് കെ മാണി ആരോഗ്യകരമായ നിലപാട് ആണ് പ്രഖ്യാപിച്ചത്. 
യുഡിഎഫ് പുറത്താക്കുന്ന നിലപാട് സ്വീകരിച്ചിട്ടും അവര്‍ മാന്യമായി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നില്‍ക്കുകയായിരുന്നു. ഒടുവില്‍വ്യക്തമായ രാഷ്ട്രീയ നിലപാട് എടുത്തു. മതനിരപേക്ഷത സംരക്ഷിക്കുന്ന എല്‍ഡിഎഫിനൊപ്പം നില നില്‍ക്കാനാണ് ജോ വിഭാഗത്തിന് താല്‍പ്പര്യെന്ന് വ്യക്തമാക്കി. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്ന സര്‍ക്കാരുമായി ഉപാധികളില്ലാതെ സഹകരിക്കാനാണ് താല്‍പ്പര്യം എന്ന് അവര്‍ പ്രഖ്യാപിച്ചു. ഇടത്പക്ഷ ജനാധിപത്യമുന്നണിയുടെ കൂടെ നില്‍ക്കലാണ് ശരി എന്ന് അവര്‍ മനസിലാക്കിയിരിക്കുന്നു. ശരിയായ നിലപാട് ശരിയായ സമയത്ത് എടുത്തു- മുഖ്യമന്ത്രി വ്യക്തമാക്കി.

പല പാര്‍ട്ടിയും മുന്നണിയിലെത്തി ഒരു വര്‍ഷം കഴിഞ്ഞ് തരിച്ച് പോകുന്നു എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ഇന്നത്തെ ഘട്ടത്തില്‍ ജോസ് കെ മാണി വന്നത് ശരിയായ തീരുമാനം ആണെന്നാണ് കാനം പറഞ്ഞതെന്ന് മുഖ്യമന്തി മറുപടി നല്‍കി. കേരളാ കോണ്‍ഗ്രസ് എം ഇടതുപക്ഷവുമായി സഹകരിക്കാന്‍ എന്തെങ്കിലും പ്രശ്നമുള്ള വിഭാഗമല്ലെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ വന്ന രാഷ്ട്രീയ മാറ്റം എല്ലാവരും കാണേണ്ടതാണ്.  ആ മാറ്റം ആര്‍ക്കാണ് ഗുണം ചെയ്തതെന്ന് നോക്കണം. വലിയ തോതിലുള്ള രാഷ്ട്രിയ മാറ്റം വന്നിരിക്കുന്നു. ആ മാറ്റം ഇപ്പോഴത്തെ രാഷ്ട്രീയ ദിശക്ക് ആരോഗ്യകരമായതാണ്. കെ എം മാണി ഏറ്റവും ശക്തമായി പ്രതികരിച്ചത് കോണ്‍ഗ്രസിനെതിരെയാണ്. തന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് കോണ്‍ഗ്രസ് ആണെന്ന് മാണി 
പലതവണ ആവര്‍ത്തിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!