
തിരുവനന്തപുരം: സംസ്ഥാനത്ത് സംഭരിക്കുന്ന പാല്‍ വിതരണം ചെയ്യാനാകാതെ പ്രതിസന്ധിയിലായിരുന്ന മില്‍മയ്ക്ക് ആശ്വമാകുന്ന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ ക്ഷീര കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാലില്‍ പ്രതിദിനം 50000 ലിറ്റര്‍ തമിഴ്നാട്ടിലെത്തിച്ച് പാല്‍പ്പൊടിയാക്കുമെന്നും ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാളെ മുതല്‍ മില്‍മ പാല്‍സംഭരണം വര്‍ധിപ്പിക്കും. ജനങ്ങളും പാല്‍ കൂടുതലായി വാങ്ങാന്‍ ശ്രമിക്കണം. അത് ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമാകും. മില്‍മ ഉത്പാദിപ്പിക്കുന്ന പാലും മറ്റ് പാല്‍ ഉത്പന്നങ്ങളും കണ്‍സ്യൂമര്‍ഫെഡ് വഴി വിതരണം ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. ബാക്കി വരുന്ന പാല്‍ അങ്കനവാടികള്‍ വഴി വിതരണം ചെയ്യാനും അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ക്യാമ്പുകളില്‍ എത്തിച്ച് വിതരണം ചെയ്യാനുമുള്ള നടപടി സ്വീകരിക്കും. അത്തരത്തില്‍ ക്ഷീര കര്‍ഷകരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതോടെ മില്‍മയുടെയും ക്ഷീര കര്‍ഷകരുടെയും പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും. കഴിഞ്ഞ ദിവസം മില്‍മ സംഭരിച്ച പാലില്‍ 1,80,0000 ലിറ്റര്‍ പാല്‍ മിച്ചമായി വന്നിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് മില്‍മയുടെ ആവശ്യപ്രകാരം തമിഴ്നാട് സര്‍ക്കാരുമായി സംസാരിച്ചത്. കഴിഞ്ഞദിവസം തമിഴ്നാട് മുഖ്യമന്ത്രിയോട് മില്‍മ സംഭരിക്കുന്ന പാല്‍ തമിഴ്നാട്ടിലെത്തിച്ച് പാല്‍പ്പൊടി ആക്കുന്നതിന് വേണ്ടിയുള്ള സഹകരണം ആവശ്യപ്പെട്ടിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഈറോടുള്ള തമിഴ്നാട് ക്ഷീരവികസന കോര്‍പ്പറേഷനില്‍ പാലെത്തിച്ച് പാല്‍പ്പൊടി ആക്കാമെന്ന് സമ്മതിച്ചു. എന്നാലും പാല്‍ സ്റ്റോക്കുണ്ടാവും. വരും ദിവസങ്ങളില്‍ കൂടുതല്‍ പാല്‍ ഈറോടെത്തിച്ച് പാല്‍പ്പൊടിയാക്കുന്നതിന് ശ്രമിക്കും. ഇക്കാര്യത്തില്‍ ഇടപെട്ട തമിഴ്നാട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം നാളെ മുതൽ 70 ശതമാനം പാൽ സംഭരിക്കുമെന്ന് മില്‍മ മലബാർ മേഖല യൂണിയൻ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam