അതിഥി തൊഴിലാളികൾക്ക് അവിടെ ജോലി ഇവിടെ ഭക്ഷണം; അത് വേണ്ടെന്ന് പിണറായി

By Web TeamFirst Published Apr 1, 2020, 6:34 PM IST
Highlights

 ചില ഫാക്ടറികളിൽ ജോലി ചെയ്ത് അവിടെ താമസിച്ച് അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ചില തൊഴിലുടമകൾ ഈ തൊഴിലാളികളോട് ഭക്ഷണ സമയത്ത് സർക്കാർ ക്യാംപിലേക്ക് പോയി ഭക്ഷണം കഴിക്കാൻ പറയുന്നുണ്ട്. അത് ശരിയായ നടപടിയല്ല. 

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ ചൂഷണം ചെയ്താൽ കരാറുകാനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്ക് താമസവും ഭക്ഷണവുമാണ് സര്‍ക്കാര്‍  ഏർപ്പാട് ചെയ്തത്. ലോക്ക് ഡൗൺ കാലം കഴിയും വരെ ഇവരെ സംരക്ഷിക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്  

അതിനിടെ ഒരു പുതിയ പ്രശ്നം ഉയർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തൊഴിലാളികളിൽ ചിലർ ചില ഫാക്ടറികളിൽ ജോലി ചെയ്ത് അവിടെ താമസിച്ച് അവിടെ നിന്ന് തന്നെ ഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ  ചില തൊഴിലുടമകൾ ഇത്തരം തൊഴിലാളികളോട് ഭക്ഷണ സമയത്ത് സർക്കാർ ക്യാംപിലേക്ക് പോയി ഭക്ഷണം കഴിക്കാൻ പറയുന്നുണ്ട്. അത് ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു  

ഇതേവരെ ഉണ്ടായ സൗകര്യം അവർക്ക് തൊഴിലുടമകൾ തുടർന്നും അനുവദിക്കണം. കൊവിഡ് കഴിഞ്ഞാൽ നാളെയും തൊഴിലാളികൾ അവർക്ക് ആവശ്യമുള്ളതാണ്. ഇന്നത്തെ വിഷമസ്ഥിതിയിൽ അവരെ കൈയ്യൊഴിയുന്ന നിലപാട് സ്വീകരിക്കരുതെന്നും അത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സര്‍ക്കാര്‍ വെറുതെ ഇരിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!