റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Published : Apr 11, 2025, 03:01 PM IST
റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Synopsis

2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്.

തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കന്‍ഗുനിയ പരത്തുന്നത്. അതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂര്‍വ ശുചീകരണ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മഴക്കാലപൂര്‍വ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കന്‍ഗുനിയയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുന്‍പ് ചിക്കന്‍ഗുനിയ വന്നിട്ടുള്ളവര്‍ക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതല്‍ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. യൂണിയന്‍ ദ്വീപുകളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളില്‍ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

· വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
· കൊതുകുകള്‍ മുട്ടയിടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. (ഉദാഹരണത്തിന്: വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍ എന്നിവ നീക്കം ചെയ്യുക).
· വീട്ടിലെ ജല സംഭരണികള്‍ അടച്ചു വെക്കുക.
· കൊതുക് കടിയില്‍ നിന്ന് രക്ഷ നേടാന്‍ കൊതുക് വലകള്‍, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക.
· ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
· പകല്‍ സമയത്തും കൊതുകുകള്‍ കടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.
· എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
· തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക.
· ചിക്കന്‍ഗുനിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക.
· ചിക്കന്‍ഗുനിയയെ പ്രതിരോധിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും.

കുട കയ്യിൽ കരുതിക്കോളൂ! ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ജാഗ്രതാ നി‍ർദേശം പുറപ്പെടുവിച്ച് കേന്ദ്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്