9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ഒരു മാസത്തിനിടെ നടത്തിയത് 4 ശസ്ത്രക്രിയകൾ, മറ്റ് ആവശ്യങ്ങൾക്ക് പണമില്ല; ആരോഗ്യ മന്ത്രിക്ക് പരാതിക്കത്ത്

Published : Nov 04, 2025, 12:33 AM IST
Medical negligence

Synopsis

പാലക്കാട് ചികിത്സാ പിഴവിനെ തുടർന്ന് ഒൻപത് വയസ്സുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയ സംഭവത്തിൽ, കുട്ടിയുടെ ചികിത്സയും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന് പരാതി നൽകി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്. 

പാലക്കാട്: ചികിത്സ പിഴവിനെ തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കുട്ടിയുടെ ചികിത്സയും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് പല്ലശ്ശന സ്വദേശിയായ എട്ടുവയസ്സുകാരി വിനോദിനി ഒടിഞ്ഞ കൈയുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലും, പാലക്കാട് ജില്ലാ ആശുപത്രിയിലുമായി ചികിത്സ തേടിയെത്തിയത്. തുടർ ചികിത്സകളിൽ വന്ന ഗുരുതരമായ പിഴവിനെ തുടർന്നാണ് വലതു കൈ മുട്ടിനു താഴെ വച്ച് മുറിച്ചു മാറ്റിയത്. ഡോക്ടർമാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. എന്നാൽ കുറ്റകരമായ അനാസ്ഥ കാണിച്ച ഡോക്ടർമാർക്കെതിരെ കാര്യക്ഷമമായ നടപടി സ്വീകരിക്കാതെ സസ്പെൻഷനിൽ ഒതുക്കിയെന്നും പരാതിയിൽ ആരോപിച്ചു. തുടർന്ന് കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 3ന് ആരോഗ്യ വകുപ്പ് മന്ത്രിക്കും ഡയറക്ടർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വീഴ്ച വരുത്തിയ ഡോക്ടർമാരെ സംരക്ഷിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും പരാതിയിൽ ആരോപിച്ചു.

നിലവിൽ തുടർ ചികിത്സകളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുള്ള കുട്ടിക്ക് ഒരു മാസത്തിനിടെ നാല് ശസ്ത്രക്രിയകൾ നടത്തി. ചികിത്സയും ഇതിന് വേണ്ട മരുന്നുകൾ ആശുപത്രിയിൽ നിന്ന് സൗജന്യമായി നൽകുന്നുണ്ട് എങ്കിലും ഭക്ഷണമുൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കെല്ലാം വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പരാതികൾ സമർപ്പിച്ചിട്ടും ഇന്ന് വരെ ആ കാര്യത്തിൽ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

നിസ്സഹായയായ ഒരു കുഞ്ഞിന് ജീവിതകാലം മുഴുവൻ നീണ്ട് നിൽക്കുന്ന വേദന സമ്മാനിച്ചിട്ട് ഇത്ര നാളായി അതിൽ കാര്യക്ഷമമായി ഇടപെടാതെ ഇരിക്കുന്നത് തെറ്റായ സമീപനമാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് ഈ കുഞ്ഞിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്