
തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ യാത്രയ്ക്കിടെ അതീവ ദാരുണമായ ആക്രമണത്തിന് ഇരയായ 19 വയസ്സുകാരിക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നത്. തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്. തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സർജിക്കൽ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോൾ ഉള്ളതെന്നും വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നൽകുന്നുണ്ടെന്നും ഡോ. ജയചന്ദ്രന്‍ പ്രതികരിച്ചു. ചികിത്സയില്‍ തൃപ്തയല്ലെന്ന് യുവതിയുടെ അമ്മയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നതെന്നും എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രതികരണം നടത്തിയത് എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യലഹരിയിലായിരുന്ന സഹയാത്രികൻ ചവിട്ടി പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ മരണത്തോട് മല്ലിടുകയാണ്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ, പ്രതിയായ പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ കുറ്റം സമ്മതിച്ചു കഴിഞ്ഞു. ജീവന് വേണ്ടി പോരാടുന്ന ഈ പെൺകുട്ടിക്ക് നീതി ലഭിക്കാൻ നാട് ഒന്നടങ്കം ആഗ്രഹിക്കുന്നു.
കഴിഞ്ഞ രാത്രി കേരള എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് പത്തൊമ്പതുകാരിയെ സഹയാത്രികൻ തള്ളിയിട്ടത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. വാതിൽക്കൽ നിന്ന് മാറാത്തതിന്‍റെ വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ പിന്നിൽ നിന്നും തള്ളിയിട്ടതെന്നാണ് എഫ്ഐആര്‍. ശ്രീക്കുട്ടിയും സുരേഷും തമ്മിൽ വാക് തർക്കമുണ്ടായെന്നും സൂചനയുണ്ട്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി എന്ന സോനയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തലക്കും നട്ടെല്ലിനും പരിക്കുണ്ട്. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.